കോഴിക്കോട്- സുപ്രീംകോടതിയില്‍ ഹാദിയ കേസ് നടത്തിയതുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്കുകള്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി പ്രസിദ്ധീകരിച്ചു. കേസില്‍ വിവിധഘട്ടങ്ങളിലായി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്ക് ഫീസിനത്തില്‍ 93,85,000 രൂപ ചെലവഴിച്ചു. യാത്രച്ചെലവ് ഇനത്തില്‍ 5,17,324 രൂപയും അഡ്വ. ഹാരിസ് ബീരാന്റെ ഓഫീസിലെ പേപ്പര്‍ വര്‍ക്കിന് 50,000 രൂപ നല്‍കിയതുള്‍പ്പടെ ആകെ 99,52,324 രൂപയാണ് ചെലവായത്.
ഇന്ത്യയിലെ പ്രമുഖ അഭിഭാഷകര്‍ ഹാജരായ കേസ്, നടത്തിപ്പിലെ ഭാരിച്ച ചെലവ് കണക്കിലെടുത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ധനസമാഹരണം നത്തിയിരുന്നു. 2017 ഒക്ടോബറില്‍ സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നേരിട്ട് നടത്തിയ ധനസമാഹരണത്തിലൂടെ 80,40,405 രൂപ ലഭിച്ചിരുന്നു. ഇതിനു പുറമേ, ബാങ്ക് അക്കൗണ്ടിലേക്ക് ലഭിച്ച തുകയടക്കം, ആകെ 81,61,245 രൂപയുടെ ഫണ്ടാണ് സമാഹരിച്ചത്. അധികച്ചെലവ് ഇനത്തിലുള്ള 17,91,079 രൂപ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തന ഫണ്ടില്‍ നിന്നാണ് ചെലവഴിച്ചത്.
സീനിയര്‍ അഭിഭാഷകരായ കബില്‍ സിബല്‍ ഏഴു തവണയും ദുഷ്യന്ത് ദവേ മൂന്ന് തവണയും ഇന്ദിരാ ജയ്‌സിങ് നാല് തവണയും മര്‍സൂഖ് ബാഫഖി ഒരു തവണയും ഹാജരായി. നൂര്‍ മുഹമ്മദ്, പല്ലവി പ്രതാപ് എന്നിവര്‍ വിവിധ സന്ദര്‍ഭങ്ങളില്‍ കോടതിയില്‍ ഹാജരായിട്ടുണ്ട്. ഇവര്‍ക്ക് പുറമേ അഭിഭാഷകരായ ഹാരിസ് ബീരാന്‍, കെ പി മുഹമ്മദ് ഷരീഫ്, കെ സി നസീര്‍ എന്നിവരുടെ സൗജന്യസേവനവും കേസില്‍ പൂര്‍ണമായി ലഭിച്ചു. കേസ് നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ സാമ്പത്തികമായും ധാര്‍മികമായും പിന്തുണ നല്‍കുകയും സഹകരിക്കുകയും ചെയ്ത മുഴുവന്‍ വ്യക്തികളോടും പ്രസ്ഥാനങ്ങളോടും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നന്ദി അറിയിക്കുന്നു.
സംസ്ഥാന സമിതി യോഗത്തില്‍ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സെക്രട്ടറിമാരായ എ അബ്ദുസ്സത്താര്‍, പി കെ അബ്ദുല്‍ലത്തീഫ് സംസ്ഥാന സമിതി അംഗങ്ങളായ സി അബ്ദുല്‍ ഹമീദ്, കെ മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.