ന്യൂദല്‍ഹി- ഇന്ത്യയില്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,183 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 89.9 ശതമാനം വര്‍ധനവാണ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം 1150 കോവിഡ് കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. നാലാം തരംഗത്തിന്റെ സൂചനയാണോ ഇതെന്ന് ആരോഗ്യവിദഗ്ധര്‍ സംശയിക്കുന്നു.
പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 214 മരണങ്ങള്‍ കോവിഡ് മൂലം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 62 എണ്ണവും കേരളത്തില്‍ നിന്നുള്ളതാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്കും വര്‍ധിച്ചിട്ടുണ്ട്. 0.31 ശതമാനത്തില്‍ നിന്ന് 0.83 ശതമാനമായാണ് ടിപിആര്‍ ഉയര്‍ന്നത്. നിലവില്‍ 11,542 സജീവ കേസുകളാണ് രാജ്യത്തുള്ളത്. എന്നാല്‍ ഇന്ത്യയില്‍ നാലാം തരംഗത്തിന് ഇപ്പോള്‍ സാധ്യതയില്ലെന്നാണ് കാണ്‍പുര്‍ ഐ.ഐ.ടി വിദഗ്ദര്‍ കരുതുന്നത്.