ഷിംല- ഇന്ത്യ ഇസ്ലാമിക രാജ്യമാകാതിരിക്കാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് വിവാദ സന്യാസി യതി നരസിംഹാനന്ദിന്റെ സംഘടന ആവശ്യപ്പെട്ടു.
ഹരിദ്വാര്‍ വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നരസിംഹാനന്ദ് ഈ മാസം ആദ്യം മഥുരയില്‍ നടത്തിയ പ്രസംഗത്തില്‍ വരും ദശകങ്ങളില്‍ രാജ്യത്ത് ഹിന്ദുക്കള്‍ കുറയുന്നത് തടായന്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണമെന്ന് ഹിന്ദുക്കളോട് ആവശ്യപ്പെട്ടിരുന്നു.
ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ളതിനാലാണ് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തുടരുന്നതെന്ന് അഖില ഭാരതീയ സന്ത് പരിഷത്തിന്റെ ഹിമാചല്‍ പ്രദേശ് ചുമതലയുള്ള യതി സത്യദേവാനന്ദ് സരസ്വതി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
മുസ്‌ലിംകള്‍ ആസൂത്രിതമായി നിരവധി കുട്ടികള്‍ക്ക് ജന്മം നല്‍കി ജനസംഖ്യ വര്‍ധിപ്പിക്കുകയാണെന്ന് ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലെ മുബാറക്പൂരില്‍ സംഘടനയുടെ ത്രിദിന ധര്‍മ സന്‍സദിന്റെ ആദ്യ ദിനത്തില്‍ അദ്ദേഹം ആരോപിച്ചു. ഇക്കാരണത്താലാണ് ഇന്ത്യ ഒരു ഇസ്ലാമിക രാഷ്ട്രമാകുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് സംഘടന ഹിന്ദുക്കളോട് ആവശ്യപ്പെടുന്നതെന്ന് സത്യദേവാനന്ദ് സരസ്വതി പറഞ്ഞു.
യതി നരസിംഹാനന്ദും അന്നപൂര്‍ണ ഭാരതിയും ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള നിരവധി സന്യാസിമാരും പുരോഹിതന്മാരും പങ്കെടുക്കുന്ന മത സമ്മേളനമായതിനാല്‍ ഒരു മതത്തിനുമെതിരെ പ്രകോപനപരമായ ഭാഷ ഉപയോഗിക്കരുതെന്ന് ഹിമാചല്‍ പ്രദേശ് പോലീസ് നേരത്തെ സത്യദേവാനന്ദ് സരസ്വതിക്ക് അയച്ച നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരുന്നു.
2007 ലെ പോലീസ് ആക്ട് സെക്്ഷന്‍ 64 പ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചതെന്നും നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഉന ജില്ലയിലെ ആംബ് പോലീസ് സ്‌റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു.
മുസ്ലിംകള്‍ ഭൂരിപക്ഷമായാല്‍ അയല്‍രാജ്യമായ പാക്കിസ്ഥാനെപ്പോലെ ഇന്ത്യയും ഇസ്ലാമിക രാജ്യമാക്കുമെന്നും ഇതു തടയാന്‍ കൂടുതല്‍ ഹിന്ദു കുട്ടികളെ ജനിപ്പിക്കുക മാത്രമാണ് വഴിയെന്നും അതുകൊണ്ടാണ് സംഘടന ഇക്കാര്യം ആവര്‍ത്തിക്കുന്നതെന്നും സരസ്വതി പറഞ്ഞു.
രണ്ട് കുട്ടികള്‍ എന്ന ദേശീയ നയത്തിന് ഇത് വിരുദ്ധമാകില്ലേ എന്ന് ചോദ്യത്തിന് രണ്ട് കുട്ടികള്‍ക്ക് മാത്രമേ ജന്മം നല്‍കാവൂ എന്ന് പൗരന്മാരോട് ആവശ്യപ്പെടുന്ന ഒരു നിയമം രാജ്യത്ത് ഇല്ലെന്നായിരുന്നു മറുപടി.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17 മുതല്‍ 19 വരെ ഹരിദ്വാറില്‍ നടന്ന മതസമ്മേളനത്തില്‍ മുസ്ലിംകള്‍ക്കെതിരെ പ്രകോപനപരമായ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തതും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതും.
ഒരു മുസ്ലിം ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ 20 വര്‍ഷത്തിനുള്ളില്‍ 50 ശതമാനം ഹിന്ദുക്കളും മതം മാറുമെന്ന് കഴിഞ്ഞ ഞായറാഴ്ച ദല്‍ഹിയിലെ ബുരാരി ഗ്രൗണ്ടില്‍ നടന്ന ഹിന്ദു മഹാപഞ്ചായത്തില്‍ പങ്കെടുത്ത അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അസ്തിത്വം കാത്തുസൂക്ഷിക്കാന്‍ ആയുധമെടുത്ത് പോരാടാനാണ് അദ്ദേഹം ഹിന്ദുക്കളെ ആഹ്വാനം ചെയ്തത്.