ന്യൂദല്‍ഹി- വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നടന്ന അക്രമത്തില്‍ എട്ട് പോലീസുകാര്‍ക്കും ഒരു സാധാരണക്കാരനും പരിക്കേറ്റ സംഭവത്തില്‍ 21 പേരെ അറസ്റ്റ് ചെയ്തു.
ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമത്തിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെയും പിടികൂടിയതായി പോലീസ് പറഞ്ഞു.
പിടിയിലായവരില്‍നിന്ന് മൂന്ന് നാടന്‍ പിസ്റ്റളുകളും അഞ്ച് വാളുകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രതികളെ ഇതിനകം കോടതിയില്‍ ഹാജരാക്കി.
ദല്‍ഹി പോലീസ് സബ് ഇന്‍സ്പെക്ടര്‍ മെദലാല്‍ മീണക്ക് നേരെ വെടിയുതിര്‍ത്ത അസ്ലമും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഇയാളില്‍ നിന്ന് ഒരു നാടന്‍ തോക്ക് കണ്ടെടുത്തു.
നാലോ അഞ്ചോ പേരെ കൂടെ കൊണ്ടുവന്ന് പള്ളിക്ക് സമീപം ഘോഷയാത്രക്കാരുമായി തര്‍ക്കം നടത്തിയ അന്‍സാര്‍ എന്ന മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്. ഈ തര്‍ക്കം ഇരുവശത്തുനിന്നും കല്ലേറിലേക്ക് നീങ്ങുകയായിരുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് പുറത്തുവന്ന ഒരു വീഡിയോയില്‍, രണ്ടാമത്തെയാള്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവക്കുന്നതും കണ്ടിട്ടുണ്ട്. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.