കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ 36 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ ഖോസ്ത്, കുനാര്‍ പ്രവിശ്യകളിലാണ് വെള്ളിയാഴ്ച രാത്രി പാകിസ്ഥാന്‍ ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടന്നതായി അഫ്ഗാന്‍ പ്രാദേശിക ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണത്തെ തുടര്‍ന്ന് കാബൂളിലെ പാക് നയതന്ത്ര പ്രതിനിധി മന്‍സൂര്‍ അഹമ്മദ് ഖാനെ താലിബാന്‍ നേതാക്കള്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. അതേസമയം വ്യോമാക്രമണം നടത്തിയെന്ന താലിബാന്റെ വെളിപ്പെടുത്തല്‍ പാകിസ്ഥാന്‍ നിഷേധിച്ചു. അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ മേഖലയിലൂടെ തീവ്രവാദ സംഘം പാകിസ്ഥാനിലേക്ക് പ്രവേശിച്ച് ആക്രമണം നടത്തിയെന്നാണ് പാകിസ്ഥാന്‍ വിശദീകരണം. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ മുന്നറിയിപ്പില്ലാത്ത പ്രത്യാക്രമണങ്ങളിലേക്ക് വഴിയൊരുക്കുമെന്ന് താലിബാന്‍ അറിയിച്ചു.