റാഞ്ചി- കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ധുംക ട്രഷറിയിൽ നിന്ന് 3.5 കോടി രൂപ വെട്ടിച്ച കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ കോടതി 14 വർഷത്തെ തടവിനു ശിക്ഷിച്ചു. 60 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ച റാഞ്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിട്ടു. അഴിമതി തടയൽ നിയമപ്രകാരം ഏഴു വർഷവും ഇന്ത്യൻ പീനൽ കോഡ് പ്രകാരം ഏഴു വർഷവുമാണ് ശിക്ഷ. രണ്ടും തുടർച്ചയായി അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഈ കുംഭകോണവുമായി ബന്ധപ്പെട്ട് തുടർച്ചയായ നാലാമത്തെ കേസിലാണ് ലാലുവിന് തടവു ശിക്ഷയനുഭവിക്കേണ്ടി വരുന്നത്. 1995 ഡിസംബറിനും 1996 ജനുവരിക്കുമിടയിൽ ധുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ശിക്ഷ. ക്രിമിനൽ ഗൂഡാലോചന, ചതി, വെട്ടിപ്പ് എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ. അനാരോഗ്യം കാരണം ലാലു ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അഴിമതി തടയൽ നിയമപ്രകാരം 1997ലാണ് ലാലുവിനെതരെ കേസെടുത്തത്. ബിഹാറിൽ വിതരണത്തിനായി വാങ്ങിയ കാലിത്തീറ്റയുടെ പേരിൽ ട്രഷറികളിൽ നിന്ന് ഫണ്ട് ഇല്ലാത്ത കമ്പനികളുടെ പേരിൽ പണം തട്ടിയതായി കേസ് അന്വേഷിച്ച സിബിഐ കണ്ടെത്തിയിരുന്നു.
അവിഭക്ത ബിഹാർ മുഖ്യമന്ത്രിയായിരിക്കെ 1990കളിൽ നടന്ന കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട് ഇതിനകം മൂന്ന് കേസുകളിൽ ലാലുവിനെ കോടതി ശിക്ഷിച്ചിട്ടുണ്ട്. ആദ്യ കേസിൽ 2013ലാണ് ലാലുവിനെ അഞ്ചു വർഷം തടവിന് ശിക്ഷിച്ചത്. രണ്ടാമത്തെ കേസിൽ കഴിഞ്ഞ വർഷം ഡിസംബറിൽ സിബിഐ പ്രത്യേക കോടതി ലാലുവിനെ മൂന്ന് വർഷത്തെ തടവിനും ശിക്ഷിച്ചു. ഈ വർഷം ജനുവരിയിൽ മൂന്നാമത്തെ കേസിൽ ചയ്ബസ ട്രഷറിയിൽ നിന്ന് പണം തട്ടിയ കേസിൽ വിധി പറഞ്ഞ കോടതി ലാലുവിന് വീണ്ടും അഞ്ചു വർഷത്തെ തടവ് വിധിച്ചു. നാലാമത്തെ കേസിലാണിപ്പോൾ വീണ്ടും തടവു ശിക്ഷ.
പട്‌ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് സിബിഐ ആണ് ഈ കേസുകൾ അന്വേഷിച്ചു വരുന്നത്. 2000ൽ ബിഹാറിനെ വിഭജിച്ച് ജാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചതോടെ കേസുകളിലേറേയും റാഞ്ചിയിലേക്ക് മാറ്റുകയായിരുന്നു.