കൊളംബോ - അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്)യില്‍നിന്ന് ധനസഹായം ലഭിക്കുന്നതുവരെ ഇന്ത്യ ഇടക്കാല സാമ്പത്തിക സഹായം നല്‍കണമെന്ന അഭ്യര്‍ഥനയുമായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്ക. ഐ.എം.എഫില്‍നിന്ന് സാമ്പത്തിക സഹായം ലഭിക്കാന്‍ ഇനിയും മൂന്ന് മുതല്‍ നാല് മാസംവരെ കാത്തിരിക്കേണ്ടിവരുമെന്ന സാഹചര്യത്തിലാണ് കൊളംബോ ഇന്ത്യയുടെ സാമ്പത്തിക സഹായം തേടുന്നത്. ജപ്പാന്‍ അടക്കമുള്ള ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ആശയവിനിമയം നടത്തി ശ്രീലങ്കക്ക് വായ്പ ലഭ്യമാക്കാനുള്ള സഹായവും അവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ശ്രീലങ്കന്‍ ധനമന്ത്രിയുമായും ഹൈക്കമ്മീഷണറുമായും നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് ശ്രീലങ്കയുടെ സഹായം അഭ്യര്‍ഥന. ശ്രീലങ്കയുടെ അഭ്യര്‍ഥനയോട് കേന്ദ്ര ധനമന്ത്രി അനുഭാവപൂര്‍വമായാണ് പ്രതികരിച്ചിട്ടുള്ളതെന്നും ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളുമായി സംസാരിച്ച് അവര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള ശ്രമം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കുമെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.