Sorry, you need to enable JavaScript to visit this website.

മസ്ജിദുൽ അഖ്സയിൽനിന്ന് ഫലസ്തീനികളെ ഇസ്രായിൽ പോലീസ് അറസ്റ്റ് ചെയ്തു

ജറുസലേം- പുണ്യ സ്ഥലമായ അൽ അഖ്സ മസ്ജിദ് കോമ്പൗണ്ടിൽ പ്രവേശിച്ച ഇസ്രായേലി പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. അൽ അഖ്സ മസ്ജിദിന്റെ വിശാലമായ പുൽത്തകിടിയിലുണ്ടായിരുന്ന ഫലസ്തീനികളെ ഞായറാഴ്ച പുലർച്ചെ തന്നെ പോലീസ് പുറത്താക്കിയിരുന്നു. ദൈവമാണ് ഏറ്റവും മഹാനായവനെന്ന് ഫലസ്തീനികൾ ഉറക്കെ വിളിച്ചു പറഞ്ഞു.
ഫലസ്തീനുമായുള്ള ഏറ്റുമുട്ടലിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇസ്രായേൽ പോലീസിന്റെ നടപടി. യഹൂദരയുടെ പതിവ് സന്ദർശനം സുഗമമാക്കുന്നതിനാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു. ജൂതന്മാർക്കും മുസ്ലിംകൾക്കും ആരാധനാ സ്വാതന്ത്ര്യം സുഗമമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പോലീസ് അറിയിച്ചു.
എന്നാൽ ഫലസ്തീനികളെ ഏറ്റുമുട്ടലിലൂടെ പുറത്താക്കിയാണ് ഇസ്രായേൽ പോലീസ് ജൂതന്മാർക്ക് കാര്യങ്ങൾ 'സുഗമമാക്കിയത്'. ഏറ്റുമുട്ടലിൽ 10 ഫലസ്തീനികൾക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്.
മുസ്ലിംകളുടെ മൂന്നാമത്തെ വിശുദ്ധ സ്ഥലവും യഹൂദരുടെ ടെമ്പിൾ മൗണ്ടുമാണ് ജറുസലേം. കഴിഞ്ഞ വർഷമാണ് ജറുസലേമിൽ ഇസ്രായേൽ സൈന്യവും ഫലസ്തീനികളും തമ്മിലുള്ള ഏറ്റുമുട്ടൽ ഇസ്രായേൽ- ഫലസ്തീൻ യുദ്ധമായി 11 ദിവസം അരങ്ങേറിയത്.
മുസ്ലിംകൾക്ക് റമദാനും കൃസ്ത്യാനികൾക്ക് ഈസ്റ്ററും ജൂതന്മാർക്ക് പെസഹയും ഒന്നിച്ചു വന്നതോടെ ജറുസലേമിൽ സന്ദർശകരുടെ തിരക്കേറിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കൂടി നീക്കിയതോടെ പതിനായിരങ്ങളാണ് നഗരത്തിലെത്തുന്നത്.
1967ലെ യുദ്ധത്തിലാണ് വെസ്റ്റ്ബാങ്കിനും ഗസയ്ക്കുമൊപ്പം പഴയ നഗരം ഉൾപ്പെടുന്ന കിഴക്കൻ ജറുസലേമും ഇസ്രായേൽ പിടിച്ചെടുത്തത്. അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിന്റെ നീക്കം അംഗീകരിക്കപ്പെട്ടിട്ടില്ല. അധിനിവേശ വെസ്റ്റ്ബാങ്കിൽ വാസസ്ഥലങ്ങൽ നിർമിക്കുകയും വികസിപ്പിക്കുകയുമാണ് ഇസ്രായേൽ ചെയ്യുന്നത്.
ദീർഘകാല ധാരണകൾ പ്രകാരം യഹൂദ സന്ദർശകരെ ടെമ്പിൾ മൗണ്ടിൽ പ്രാർഥിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. മതപരമായ കാരണങ്ങളാൽ യഹൂദർ പതിറ്റാണ്ടുകളായി അവിടെ ആരാധന ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഏതാനും വർഷങ്ങളായി അമിത ദേശീയവാദികളും തീവ്രവാദികളുമായ ജൂതന്മാർ പോലീസ് അകമ്പടിയോടെ പ്രദേശത്ത് എത്താറുണ്ട്. ഇത് പ്രകോപനമായാണ് ഫലസ്തീനികൾ കാണുന്നത്. അൽഅഖ്സ മസ്ജിദ് കോമ്പൗണ്ട് ഏറ്റെടുക്കാനോ വിഭജിക്കാനോ ഇസ്രായേൽ ഗൂഢാലോചന നടത്തുകയാണെന്നാണ് ഫലസ്തീനികൾ ആശങ്കപ്പെടുന്നത്.
പെസഹയ്ക്ക് മൃഗങ്ങളെ ബലിയർപ്പിക്കാൻ മസ്ജിദുൽ അഖ്സ പ്രദേശത്തേക്ക് മൃഗങ്ങളെ കൊണ്ടുവരാൻ തീവ്രജൂത സംഘം അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു. ഇങ്ങനെ ചെയ്യുന്നവർക്കും ചെയ്യാൻ ശ്രമിക്കുന്നവർക്കും പണമാണ് തീവ്രവാദി സംഘം വാഗ്ദാനം ചെയ്തത്.

Latest News