ന്യൂദൽഹി- ദേശീയ തലത്തിൽ ബി.ജെ.പി വിരുദ്ധ സഖ്യത്തിന് മുന്നിട്ടിറങ്ങിയ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ കഴിഞ്ഞ ദിവസം പ്രതിപക്ഷ പാർട്ടികൾ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടുത്തിയില്ല. വർഗീയ കലാപങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടരുന്ന മൗനത്തിൽ പ്രതിഷേധിച്ച് 13 പാർട്ടികളുടെ സംയുക്ത പ്രസ്താവനയിലാണ് ചന്ദ്രശേഖര് റാവുവിനെ ഒഴിവാക്കിയത്. ഇത് പ്രതിപക്ഷ നിരയിലുള്ള വിള്ളലായും അദ്ദേഹത്തിന്റെ ദേശീയ രാഷ്ട്രീയ മോഹങ്ങൾക്കുള്ള തിരിച്ചടയായുമാണ് വിലയിരുത്തുന്നത്.
കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുൾപ്പെടെ 13 പ്രതിപക്ഷ പാർട്ടികളുടെ മുതിർന്ന നേതാക്കളാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വർഗീയ കലാപങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ആയിരുന്നു പ്രതിപക്ഷ നേതാക്കളുടെ സംയുക്ത പ്രസ്താവന.
എൻ ചന്ദ്രബാബു നായിഡുവും എച്ച്‌ഡി ദേവഗൗഡയും ദേശീയ രാഷ്ട്രീയത്തിൽ സജീവമായിട്ടും ഇവരുടെ പാർട്ടികളായ തെലുങ്കുദേശം പാർട്ടി (ടിഡിപി)യേയും ജനതാദൾ സെക്കുലറിനേയും സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
മൂന്ന് പാർട്ടികളും സംയുക്ത പ്രസ്താവനയിൽ ഒപ്പുവെക്കാത്തത് പ്രതിപക്ഷ ഐക്യത്തിനേറ്റ പ്രഹരമായാണ് രാഷ്ട്രീയ വൃത്തങ്ങളിൽ വിലയിരുത്തപ്പെടുന്നത്. 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികൾ തങ്ങളുടെ അണികളെ സജ്ജാക്കി തുടങ്ങിയിരിക്കെയാണ് തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്), ടിഡിപി, ജെഡി (എസ്) എന്നിവയെ ഉൾപ്പെടുത്താത്തത് പ്രാധാന്യമർഹിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ നിന്ന് കെ.സി.ആർ ഒറ്റപ്പെടുന്നതിന്റെ സൂചന കൂടിയാണിത്.
സമീപകാലത്ത് ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിനായി മുന്നിട്ടിറങ്ങിയ തെലങ്കാന മുഖ്യമന്ത്രി പ്രധാനമന്ത്രി മോഡിക്ക് ബദലായി സ്വയം അവതരിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ബിജെപിയെ നേരിടാൻ മൂന്നാം മുന്നണി രൂപീകരിക്കാൻ സമാന ചിന്താഗതിക്കാരായ പാർട്ടികളോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
ബിജെപി വിരുദ്ധ പാർട്ടികളെ ഒരു വേദിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി റാവു നിരവധി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഫെബ്രുവരിയിലെ മുംബൈ സന്ദർശന വേളയിൽ അദ്ദേഹം ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയെയും എൻസിപി നേതാവ് ശരദ് പവാറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ കെസിആർ സമീപകാലത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പിന്തുണച്ചിരുന്നു.
അതേസമയം, കോൺഗ്രസ് ടിആർഎസുമായി സഖ്യമുണ്ടാക്കില്ലെന്നാണ് തെലങ്കാനയിലെ പാർട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. കോൺഗ്രസിനെ ഉൾപ്പെടുത്താതെ മൂന്നാം മുന്നണി സാധ്യമല്ലെന്ന് പവാറും ശിവസേനയും വ്യക്തമാക്കിയിട്ടുണ്ട്.
തെലങ്കാനയിലും ആന്ധ്രാപ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം മത്സരിച്ചിരുന്ന ടിഡിപിക്കും 13 പാർട്ടികളുടെ സംയുക്ത പ്രസ്താവനയിൽ ഇടം ലഭിച്ചില്ല.
കർണാടകയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ ജെ.ഡി (എസ്) യും സംയുക്ത പ്രസ്താവനയിൽ പുറത്തായി.
സമാന ചിന്താഗതിയുള്ള പാർട്ടികളുടെ പട്ടികയിൽ നിന്ന് ടിഡിപിയെ ഒഴിവാക്കിയത് പാർട്ടിയും കോൺഗ്രസും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിതുറക്കുമെന്നാണ് സൂചന.