പാലക്കാട്- പാലക്കാട്ടെ സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് മന്ത്രി കൃഷ്ണന്‍ കുട്ടി. ഇരട്ടക്കൊലപാതകങ്ങളില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. രണ്ടു കേസുകളിലേയും മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടും. ശക്തമായ അടിച്ചമര്‍ത്തല്‍ സ്വഭാവത്തോടു കൂടി പോലീസ് നീങ്ങണം. അതിന് ബലം പ്രയോഗിക്കേണ്ടിവരും. ഇതിന്റെ വേര് എവിടെയാണെന്ന് കണ്ടുപിടിച്ച് അവരെ പിടിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊലപാതക വിവരം അറിഞ്ഞയുടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നു. ശക്തമായ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. തീവ്രവാദശക്തികള്‍ ഒരുമ്പെട്ടിറങ്ങിയതിന്റെ ഫലമാണിത്. വര്‍ഗീയ ലഹള കൊണ്ടുവരാനാണ് ശ്രമം. രണ്ട് ചേരിയാക്കി രാജ്യത്തെ തിരിക്കുക എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇത് എല്ലാവരേയും ബാധിക്കും. കൂടുതല്‍ പോലീസ് സംഘത്തെ ജില്ലയില്‍ വിന്യസിച്ചെന്നും മന്ത്രി പറഞ്ഞു.
ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കി. പാലക്കാട് ജില്ലയില്‍ സുരക്ഷയ്ക്കായി കോയമ്പത്തൂരില്‍ നിന്നും 500 പൊലീസുകാരടങ്ങിയ സംഘം എത്തി. എറണാകുളത്തു നിന്നും ഒരു ബറ്റാലിയനുമെത്തി. തുടര്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങള്‍ അടക്കം കര്‍ശന നിരീക്ഷണത്തിലാക്കി. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്ന് ഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.