ഭോപ്പാൽ- മധ്യപ്രദേശിലെ ഖാർഗോൺ, ബർവാനി ജില്ലകളിലുണ്ടായ വർഗീയ സംഘർഷത്തിനു പിന്നാലെ സംസ്ഥാന സർക്കാർ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ തകർത്തതിനെതിരെ മുസ്ലിം ഇമാമുമാര് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുന്നു. ശഹർ ഖാദി സയ്യിദ് മുശ്താഖ് അലി നദ് വിയുടെ നേതൃത്വത്തിലാണ് സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന് തീരുമാനിച്ചത്.
സർക്കാർ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ തകർത്തതുമൂലം നിരവധി മുസ്ലിം കുടുംബങ്ങൾ ഭവനരഹിതരായെന്നും അവർ കൊടും ചൂടിൽ പുറത്താണ് കഴിയുന്നതെന്നും നദ് വി പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ യാതൊരു അന്വേഷണവും നടത്താതെയാണ് സർക്കാരും പോലീസും മുസ്ലിം സമുദായത്തിനെതിരെ മുൻവിധിയോടെ പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിലെ ഒരാൾ പോലും സംഘർഷത്തിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ നിരവധി വീടുകളാണ് തകർത്തിരിക്കുന്നതെന്ന് ഇമാമുമാർ പറഞഞു.