താനെ- മഹാരാഷ്ട്രയിലെ താനെയിൽ രണ്ട് സ്ത്രീകളെ ഭക്ഷണത്തിന്റെ പേരിൽ കൊലപ്പെടുത്തി. ഒരു സ്ത്രീയെ ഭർത്താവും രണ്ടാമത്തെ സ്ത്രീയെ ഭർതൃപിതാവുമാണ് കൊലപ്പെടുത്തിയത്.
താനെ ജില്ലയിലെ ഭയന്ദർ ടൗണിൽ നാൽപതുകാരിയെ കിച്ചടിയിൽ ഉപ്പു കൂടിയതിനെ തുടർന്നാണ് ഭർത്താവ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രാതലിനോടൊപ്പം നൽകിയി കിച്ചടിയിലാണ് ഉപ്പ് കൂടിപ്പോയത്. നിർമലയെ കൊലപ്പെടുത്തിയ സംഭവത്തിൽ നാൽപത്താറുകാരനായ നിലേഷ് സിംഗിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഭയന്ദർ വസായി വിഹാർ പോലീസ് കമ്മീഷണറേറ്റ് അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹം ഫോറൻസിക് പരിശോധനക്കായി ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ രാവിലെ ചായയോടൊപ്പം പ്രാതൽ നൽകാത്തതിനെ തുടർന്നാണ് യുവതിയെ ഭർതൃപിതാവ് വെടിവെച്ചുകൊന്നത്. താനെയിൽ റബോഡി പ്രദേശത്താണ് സംഭവം. വയറിനു വെടിയേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ല.