ന്യൂദൽഹി- കോൺഗ്രസിനെ പിന്തുണയ്ക്കില്ലെന്ന സി.പി.എം നിലപാടിൽ അയവ്. ബി.ജെ.പിയെ പ്രതിരോധിക്കാൻ സാധ്യമായത് എന്തും ചെയ്യുമെന്നും വേണ്ടിവന്നാൽ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിന് കഴിയുന്നിടത്ത് സി.പി.എം കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും പാർട്ടി മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. സി.പി.എമ്മിന്റെ മുഖപത്രമായ പീപ്പ്ൾസ് ഡെമോക്രസിയിൽ കാരാട്ട് എഴുതിയ എഡിറ്റോറിയലിലാണ് ഈ നിലപാടു മാറ്റത്തിന്റെ സൂചന. 'ബി.ജെ.പിയെ തോൽപ്പിക്കാനുള്ള തെരഞ്ഞെടുപ്പു തന്ത്രങ്ങളുടെ കാര്യത്തിൽ യു.പി ഉപതെരഞ്ഞെടുപ്പ് നൽകുന്നത് ഭാവിയിലേക്കുള്ള മികച്ച പാഠമാണ്. ബി.ജെ.പി ഇതര വലിയ പാർട്ടികൾ ഒന്നിക്കുകയാണെങ്കിൽ ചെറുപാർട്ടികൾക്കും മറ്റു പാർട്ടികൾക്കും അവരെ പിന്തുണക്കാം''യു.പിയിലെ സൂചനകൾ' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ പറയുന്നു.
കോൺഗ്രസ് സഖ്യ നിലപാടിനോട് കടുത്ത വിയോജിപ്പുളള നേതാവാണ് കാരാട്ട്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ പിന്തുണയോടെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കോൺഗ്രസ് അനുകൂല നിലപാടിനെ തുടക്കം മുതൽ എതിർത്തു വരുന്ന നിലപാടാണ് കാരാട്ട് സ്വീകരിച്ചിരുന്നത്. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിനെ പിന്തുണയ്ക്കാം എന്ന നിലപാടുകരനാണ് യെച്ചൂരി. നേരത്തെ സി.പി.എം ഇറക്കിയ കരടു രാഷ്ട്രീയ പ്രമേയത്തിലും കോൺഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാക്കാനുള്ള സാധ്യതകളെ തള്ളിക്കളഞ്ഞിരുന്നു. ഈ നിലപാടുകളാണ് ഇപ്പോൾ മയപ്പെടുത്തിയിരിക്കുന്നത്.
പ്രതിപക്ഷ വോട്ടുകളിലെ ഭിന്നിപ്പ് ബി.ജെ.പിയെ സഹായിക്കാൻ മാത്രമെ ഉപകരിക്കൂവെന്ന് പാർട്ടി സമ്മതിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ബിജെപി വിരുദ്ധ വോട്ടുകൾ സംസ്്ഥാനാടിസ്ഥാനത്തിൽ ഒന്നിപ്പിക്കേണ്ടതുണ്ടെന്നും പാർട്ടി നേതൃത്വം ഊന്നിപ്പറയുന്നുണ്ട്.
സി.പി.എം ശക്തി കേന്ദ്രങ്ങളായിരുന്ന ത്രിപുരയിലേയും പശ്ചിമ ബംഗാളിലേയും ബി.ജെ.പി വിരുദ്ധ കക്ഷികൾക്കു വേണ്ടിയും വാതിൽ തുറന്നിടുന്ന സമീപനമാണ് ലേഖനത്തിൽ കാരാട്ട് സ്വീകരിച്ചിരിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ നടക്കുന്ന ബി.ജെ.പി, കോൺഗ്രസ് ഇതര ഫെഡറൽ മുന്നണി രൂപീകരണ ശ്രമം വിജയം കാണില്ലെന്നും കാരാട്ട് പറയുന്നുണ്ട്. ഒരു മുന്നാം മുന്നണി എന്ന ആശയത്തെ സി.പി.എം ഇപ്പോൾ പ്രതീക്ഷയോടെ കാണുന്നില്ലെന്ന സൂചനയാണ് കാരാട്ടിന്റെ ലേഖനം നൽകുന്നത്.