കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ ബാലിഗഞ്ച് നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തിളക്കമാര്‍ന്ന വിജയം. മുന്‍ കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുല്‍ സുപ്രിയോയാണ് വിജയിച്ചത്. സി.പി.എം സ്ഥാനാര്‍ഥി സൈറ ഷാ ഹലീമീനെ 20,056 വോട്ടുകള്‍ക്കാണ് ബാബുല്‍ സുപ്രിയോ തോല്‍പ്പിച്ചത്. ബാബുല്‍ സുപ്രിയോക്ക് 40623 വോട്ടും സൈറ ഷാ 28515 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പി സ്ഥാനാര്‍ഥി കേയ ഘോഷ് 8094 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കംറുസമാന്‍ ചൗധരി 4881 വോട്ടും നേടി. കഴിഞ്ഞ തവണ വെറും അഞ്ച് ശതമാനം വോട്ട് മാത്രം നേടി കെട്ടിവെച്ച കാശ് നഷ്ടമായ സി.പി.എം ഇത്തവണ രണ്ടാമതെത്തിയത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.
പരമ്പരാഗതമായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ബാലിഗഞ്ചില്‍ സംസ്ഥാന മന്ത്രി സുബ്രത മുഖര്‍ജിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷായുടെ മരുമകളാണ് സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ച സൈറ. 2011ല്‍ സൈറയുടെ ഭര്‍ത്താവ് ഡോ. ഫുവദ് ഹലിം ബാല്‍ഗുഞ്ച് സീറ്റില്‍ നിന്നു മത്സരിച്ചിരുന്നു. അന്ന് ഡോ. ഫുവദ് ഹലിം 8,474 വോട്ട് പിടിച്ച് മൂന്നാം സ്ഥാനത്തായിരുന്നു.
എന്‍.ആര്‍.സി-സി.എ.എ വിരുദ്ധ സമരത്തില്‍ സജീവമായിരുന്നു സൈറ.