ന്യൂദൽഹി- ഇന്ത്യയിൽ നാലു തെരഞ്ഞെടുപ്പുകളിൽ പരോക്ഷമായി വോട്ടർമാരെ സ്വാധീനിച്ചുവെന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യക്കാരുടെ വിവരം എങ്ങനെ ചോർത്തി എന്നതു സംബന്ധിച്ച് ഒരാഴ്ച്ചക്കകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് നോട്ടീസയച്ചു. ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയത് എങ്ങനെ, സമ്മതത്തോടെയാണോ വിവരങ്ങൾ ശേഖരിച്ചത്, ആരെയാണ് ചുമതപ്പെടുത്തിയത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഈ മാസം 31നകം മറുപടി നൽകണമെന്നാണ് ഐ.ടി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വകാര്യതാ നിയമം ലംഘിച്ച് കോടിക്കണക്കിന് ഫേസ്ബുക്ക് യൂസർമാരുടെ വിവരം ചോർത്തി ലോകത്ത് പലയിടത്തും തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരെ മനശാസ്ത്രപരമായി സ്വാധീനിച്ചതിന് കേംബ്രിഡ്ജ് അനലിറ്റിക്ക പ്രതിക്കൂട്ടിലായതിന് തൊട്ടുപിറകെയാണ് ഇവർ മറ്റൊരു കമ്പനിയിലൂടെ ഇന്ത്യയിലും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് തെളിഞ്ഞത്.