ചണ്ഡീഗഡ്- ഭാര്യ പഠന വിസയില്‍ യുകെയില്‍ പോയ ശേഷം തനിക്ക് വിസ അയച്ചു തരാത്തതില്‍ കുപിതനായ യുവാവ് വിവാഹ ബ്രോക്കറുടെ മകനെ തട്ടിക്കൊണ്ടുപോയി. വിവാഹത്തിനും പഠന വിസയ്ക്കുമായി ചെലവഴിച്ച 26 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടാണ് 26 കാരനായ ഹരിന്ദര്‍ സിങ് ബ്രോക്കറുടെ മകനായ കരണ്‍ബീര്‍ സിങ്ങിനെ തട്ടിക്കൊണ്ടു പോയത്.മൂന്ന് വര്‍ഷം മുമ്പാണ് സംഗ്രൂരിലെ ബെദ്‌റുഖാന്‍ സ്വദേശിയായ ഹരിന്ദര്‍ സിങ്ങിന്റെ വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ഭാര്യയുടെ പഠന വിസയ്ക്ക് യുവാവാണ് പണം ചെലവഴിച്ചത്. യുകെയില്‍ എത്തിയ ശേഷം ഭര്‍ത്താവിന് വിസ അയച്ചു നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍ ഭാര്യ യുകെയില്‍ എത്തിയ ശേഷം വിസ അയച്ചു നല്‍കിയില്ല. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.
സംഭവത്തില്‍ കരണ്‍ബീര്‍ സിങ്ങിനെ പോലീസ് മോചിപ്പിച്ചു. എന്നാല്‍ ഹരിന്ദര്‍ സിങ്ങിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കാഞ്ജല ഗ്രാമത്തില്‍ നിന്നാണ് കരണ്‍ബീറിനെ കണ്ടെത്തിയത്.ഇത്തരം കരാറുകളില്‍ ഏര്‍പ്പെട്ട ശേഷമുള്ള വിവാഹങ്ങള്‍ പഞ്ചാബില്‍ ഇപ്പോള്‍ പതിവാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശത്ത് പഠിക്കാന്‍ യോഗ്യതയുള്ള യുവതികളെ വിവാഹം കഴിക്കുകയും അവരെ വിദേശത്ത് അയച്ച ശേഷം ഭാര്യ മുഖേന ഭര്‍ത്താവ് വിദേശത്തേക്ക് പോകുന്നതുമാണ് രീതി.
വിവാഹത്തിനും യുവതിയെ വിദേശത്ത് അയക്കുന്നതിനുമായി 26 ലക്ഷം രൂപയാണ് യുവാവിന്റെ കുടുംബത്തിന് ചെലവായത്. രണ്ടു തവണ ഭാര്യ സ്‌പോണ്‍സര്‍ഷിപ്പ് ലെറ്റര്‍ അയച്ചെങ്കിലും വിസ നിഷേധിക്കപ്പെട്ടു. ഇതിനു പിന്നാലെയാണ് വിവാഹ ദല്ലാളില്‍ നിന്നും യുവാവ് പണം ആവശ്യപ്പെട്ടത്. സംഭവത്തില്‍ ഹരിന്ദര്‍ സിങ്ങിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.