ലണ്ടൻ- കുട്ടികളെ സ്കൂളിൽ ചേർക്കാനൊരുങ്ങുമ്പോൾ ഏതൊരു രക്ഷിതാവിന്റെയും ആദ്യ ശ്രദ്ധ മികച്ച വിദ്യാലങ്ങളിലായിരിക്കും. മികച്ച ക്ലാസ് മുറികൾ, കളിസ്ഥലം തുടങ്ങിയവയായിരിക്കും. എന്നാൽ ഈ ധാരണകളെ തിരുത്തുന്നതാണ് ലണ്ടനിലെ പ്രശസ്തമായ കിങ്സ് കോളെജ് ഇംഗ്ലണ്ടിലെ വിദ്യാർത്ഥികളിൽ നടത്തിയ പുതിയ പഠനം. മികച്ച സ്കൂളുകളിൽ ഉയർന്ന ഫീസ് നൽകി കുട്ടികളെ പഠിപ്പിക്കുന്നത് വെറും പാഴ്ചെലവാണെന്നും പഠനമികവുള്ള കുട്ടികൾ ഏത് സ്കൂളിലായാലും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുമെന്നുമാണ് പഠനത്തിൽ വ്യക്തമായിരിക്കുന്നത്. സർക്കാർ നടത്തുന്ന സ്കൂളുകളിലേയും അതിലേറെ മികച്ച സൗകരങ്ങളുള്ള സ്വകാര്യ സ്കൂളുകളിലേയും ആൺകുട്ടികളിലും പെൺകുട്ടികളിലുമാണ് ഗവേഷണ സംഘം പഠനം നടത്തിയത്.
കണക്ക്, ഇംഗ്ലീഷ്, സയൻസ് എന്നീ വിഷയങ്ങളിലെ മാർക്കുകളാണ് പരിശോധിച്ചത്. കുട്ടികളുടെ അക്കാദമിക് നേട്ടങ്ങൾക്ക് സ്കൂളിലെ സൗകര്യങ്ങളുമായി വലിയ ബന്ധമില്ലെന്ന് ഈ പഠനം പറയുന്നു. സൗകര്യങ്ങളുള്ള സ്കൂളുകളിലെ കുട്ടികൾ മറ്റു സ്കൂളുകളിലെ കുട്ടികളേക്കാൾ ഏകദേശം ഒരു ഗ്രേഡ് മാത്രമെ അധികമായി നേടിയിട്ടുളളൂവെന്ന് പഠനത്തിൽ കണ്ടെത്തി. എന്നാൽ കുട്ടികളുടെ ജനിതക, സാമൂഹിക, സാമ്പത്തിക, ലിംഗ പശ്ചാത്തലങ്ങൾ വിലയിരുത്തിയപ്പോൾ കഴിവിലും പ്രകടനത്തിലും നേട്ടങ്ങളിലും രണ്ടു വിഭാഗം സ്കുളുകളിലെ കുട്ടികൾക്കുമിടയിൽ ഒരു ഗ്രേഡിന്റെ പത്തിലൊന്നിലും കുറവ് വ്യത്യാസം മാത്രമെ കണ്ടെത്താനായുള്ളൂ.
എൻപിജെ സയൻസ് ഓഫ് ലേണിങ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം നടത്തിയത് എമിലി സ്തമിത്ത് വൂളി, പ്രോഫസർ റോബർട്ട് പ്ലോമിൻ എന്നിവർ ചേർന്നാണ്.