ആം ആദ്മി മാതൃക ഹിമാചലിലും; ഒരു മുഴം മുമ്പെയെറിഞ്ഞ് മുഖ്യമന്ത്രി

ഷിംല- ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ മാതൃക പിന്‍പറ്റി ഹിമാചല്‍ പ്രദേശ്. കുടിവെള്ളവും വൈദ്യുതിയും സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനവുമായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍ രംഗത്തെത്തി. 125 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപഭോഗം സൗജന്യമായിരിക്കുമെന്നും ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ ജല ബില്ല് അടയ്ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതകള്‍ ഇനിമുതല്‍ സര്‍ക്കാര്‍ ബസുകളില്‍ ടിക്കറ്റ് നിരക്കിന്റെ പകുതി നല്‍കിയാല്‍ മതിയാകുമെന്നും ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു. ഹിമാചല്‍ദിനത്തില്‍  ആയിരുന്നു വാഗ്ദാന പ്രഖ്യാപനം. സംസ്ഥാനത്തെ ലക്ഷ്യംവെക്കുന്ന ആം ആദ്മി പാര്‍ട്ടി(എ.എ.പി.)യെയും അവരുടെ വാഗ്ദാനങ്ങളെയും കാലേകൂട്ടി പ്രതിരോധിക്കാനുള്ള ശ്രമമാണ് ഠാക്കൂര്‍ നടത്തിയതെന്നാണ് കരുതപ്പെടുന്നത്.
ഇക്കൊല്ലം അവസാനത്തോടെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്. വരുന്ന നവംബറിലാണ് ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഠാക്കൂറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശവുമായി എ.എ.പി. നേതാവും ദല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ രംഗത്തെത്തി. ജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ബി.ജെ.പി വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News