സൂറത്ത്- കോണ്‍ഗ്രസ് പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ഹാര്‍ദിക് പട്ടേല്‍ നിഷേധിച്ചു. ഞാന്‍ കോണ്‍ഗ്രസ് വിടുന്നുവെന്ന അഭ്യൂഹം പ്രചരിക്കുന്നുണ്ട്, ആരാണ് ഇതിനുപിന്നിലെന്ന് അറിയില്ല- സൂറത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെ ഹാര്‍ദിക് പറഞ്ഞു.
ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഞങ്ങളില്‍ നിന്ന് പ്രതീക്ഷകളുണ്ട്, ഞങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കണം. സത്യം സംസാരിക്കുന്നത് കുറ്റമാണെങ്കിലേ എന്നെ കുറ്റക്കാരനായി കണക്കാക്കാവൂ-
പാര്‍ട്ടിയില്‍ നിരവധി മാറ്റങ്ങള്‍ ആവശ്യമാണെന്ന് പറയുകയും രാഹുല്‍ ഗാന്ധിയോട് അവ നിര്‍ദ്ദേശിക്കുകയും ചെയ്ത ഹാര്‍ദിക് പറഞ്ഞു. തന്റെ നൂറുശതമാനവും ഇതുവരെ കോണ്‍ഗ്രസിന് നല്‍കിയത്. ഇനിയും അതു തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിക്കുള്ളില്‍ ചെറിയ വഴക്കുകളും കുറ്റപ്പെടുത്തുന്ന കളികളുമൊക്കെ ഉണ്ടാകും. എന്നാല്‍ ഗുജറാത്തിനെ മികച്ച സംസ്ഥാനമാക്കി മാറ്റാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഗുജറാത്തില്‍ മികച്ച വികസനം നടപ്പിലാക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നും ഹാര്‍ദിക് പറഞ്ഞു.
2015ല്‍ ഗുജറാത്തില്‍ പാട്ടിദാര്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ നേതാവായി ഉയര്‍ന്നുവന്ന ഹാര്‍ദിക് പട്ടേല്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.