ന്യൂദല്‍ഹി- ഒരു തവണയോ എപ്പോഴെങ്കിലുമോ അവിഹിത ബന്ധത്തിലേര്‍പ്പെട്ട ഭാര്യയെ സ്ഥിരം വ്യഭിചാരിയായി കാണാനാവില്ലെന്നും വിവാഹ മോചന ശേഷം ജീവനാംശം നിഷേധിക്കാനാവില്ലെന്നും ദല്‍ഹി ഹൈക്കോടതി.
ആവര്‍ത്തിച്ചുള്ള അവിഹത ബന്ധവും വ്യഭിചാരത്തിലുള്ള സഹവാസവും ഉണ്ടെങ്കില്‍ മാത്രമേ സി.ആര്‍.പി.സി 125 (4) പ്രകാരമുള്ള കര്‍ശന വ്യവസ്ഥ ബാധകമാക്കാവൂ നിരവധി ഹൈക്കോടതികള്‍ നേരത്തെ വിലയിരുത്തിയതാണെന്ന് ജസ്റ്റിസ് ചന്ദ്ര ധാരി സിംഗ് പറഞ്ഞു.
ക്രോഡീകരിച്ച നിയമവും വിവിധ ഹൈക്കോടതികളുടെ വിധിന്യായങ്ങളും ഭാര്യക്ക് ജീവനാംശം തടയുന്നതിന് ഒറ്റപ്പെട്ട അവിഹിതം കാരണമാക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യ വ്യഭിചാരത്തില്‍ ജീവിക്കുകയാണെന്ന് ഭര്‍ത്താവ് കൃത്യമായ തെളിവുകള്‍ സഹിതം സ്ഥാപിക്കണമെന്നാണ് സി.ആര്‍.പി.സി സെക്ഷന്‍ 125(4) വ്യവസ്ഥ ചെയ്യുന്നത്. ഒന്നോ അല്ലെങ്കില്‍ ഒറ്റപ്പെട്ടതോ ആയ അവിഹിത ബന്ധങ്ങള്‍ വ്യഭിചാരത്തില്‍ ജീവിക്കുക എന്നതായി കണക്കാക്കാനാവില്ല- കോടതി പറഞ്ഞു.
ക്രൂരത, വ്യഭിചാരം, ഭാര്യയുടെ ഒളിച്ചോട്ടം തുടങ്ങിയ നിരവധി കാരണങ്ങളാല്‍ ജീവനാംശം നല്‍കാനുള്ള ഉത്തരവ് നിലനില്‍ക്കില്ലെന്ന് വാദിച്ചാണ് വിചാരണ കോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. 2020 ഓഗസ്റ്റ് മുതല്‍ പ്രതിമാസം 15,000 രൂപ നല്‍കണമെന്നായിരുന്നു വിചാരണക്കോടതി ഉത്തരവ്.
ക്രൂരതയും പീഡനവും ജീവനാംശം നല്‍കാതിരിക്കാന്‍ അടിസ്ഥാനമല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ക്രൂരതയുടെ പേരില്‍ വിവാഹമോചനം നല്‍കുന്ന കേസുകളിലും ഭാര്യക്ക് ജീവനാംശം വിധിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
സി.ആര്‍.പി.സി സെക്്ഷന്‍ 125 ഉള്‍പ്പെടെ രാജ്യത്തെ ജീവനാംശ നിയമങ്ങള്‍ സാമ്പത്തിക ശേഷിയുള്ള പുരുഷന്റെ ഭാര്യയും മക്കളും മാതാപിതാക്കളും ജീവിക്കാന്‍ വഴിയില്ലാത്തവര്‍ ആകാതരിക്കാനുള്ള ക്ഷേമ നിയമങ്ങളാണ്. ഭര്‍ത്താവിനുമേല്‍ ചുമത്തപ്പെടുന്ന ബാധ്യതകളില്‍ നിന്ന് നിയമത്തിന്റെ നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്ത് രക്ഷപ്പെടുന്നതാണ് സമീപകാല രീതിയെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ദമ്പതികളുടെ മകനാണ് വ്യഭിചാരം നടന്നുവെന്ന വാദം ഉന്നയിച്ചതെങ്കിലും സ്ത്രീ വ്യഭിചാരത്തിലാണ് ജീവിക്കുന്നതെന്ന് സ്ഥാപിക്കുന്നതില്‍ മൊഴികള്‍ പരാജയപ്പെട്ടു. ഹരജിക്കാരന്‍ മുന്നോട്ടുവെച്ച കാരണങ്ങളൊന്നും ഭാര്യ യഥാര്‍ത്ഥത്തില്‍ വ്യഭിചാരത്തിലാണ് ജീവിക്കുന്നതെന്ന് സ്ഥാപിക്കാന്‍ പര്യാപ്തമായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വ്യഭിചാരത്തില്‍ ജീവിക്കുന്ന ഭാര്യക്ക് മാത്രമേ സി.ആര്‍.പി.സി സെക്്ഷന്‍ 125 പ്രകാരമുള്ള ജീവനാംശം തടയാന്‍ പാടുള്ളൂ.
ഭാര്യ വ്യഭിചാരത്തില്‍ ജീവിച്ചിരുന്നതായി ഭര്‍ത്താവ് കൃത്യമായ തെളിവുകള്‍ സഹിതം സ്ഥാപിക്കണം- ഉത്തരവില്‍ പറഞ്ഞു.