Sorry, you need to enable JavaScript to visit this website.

ടി.എന്‍ സീമയ്ക്ക് കനത്ത ശമ്പളത്തിന്  പുറമേ എം.പി പെന്‍ഷനും 

തിരുവനന്തപുരം- മുന്‍ എംപിയായ നവകേരള കര്‍മ്മ പദ്ധതി കോ  ഓര്‍ഡിനേറ്റര്‍ ടി.എന്‍. സീമക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. 30ന് കൂടിയ മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്.
ഒന്നാം പിണറായി സര്‍ക്കാരില്‍ ഹരിത കേരള മിഷന്‍ കോ ഓര്‍ഡിനേറ്ററായിരുന്നു ടി എന്‍ സീമ. രാജ്യസഭ എം.പി യായിരുന്ന ടി.എന്‍. സീമക്ക് എം.പി പെന്‍ഷനും ലഭിക്കും. ഒരു ടേം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എം.പി. പെന്‍ഷന്‍ 25,000 രൂപയാണ്. പെന്‍ഷന് പുറമേയാണ് ടി.എന്‍ സീമക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ ഭീമമായ ശമ്പളം നല്‍കുന്നത്. സിപിഎം നേതാവായ സീമക്ക്  ഒരു ഡ്രൈവറേയും ഒരു പ്യൂണിനേയും സേവകരായി ലഭിക്കും.
ഓരോ മാസവും ശമ്പളവും പെന്‍ഷനും നല്‍കാനായി ആയിരക്കണക്കിന് കോടികള്‍ കടമെടുത്തു കൂട്ടുന്ന ഒരു സര്‍ക്കാര്‍ പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന അംഗത്തെ മുന്‍കാല പ്രാബല്യത്തോടെ രണ്ടേകാല്‍ ലക്ഷം രൂപ ശമ്പളത്തില്‍ പിടിച്ചു കയറ്റുകയാണ്.
ഐ.എ.എസ് ലഭിക്കുന്നയാള്‍ക്ക് മിനിമം 25 വര്‍ഷം സര്‍വീസാകുമ്പോള്‍ ലഭിക്കുന്ന പദവിയാണ് ടി.എന്‍ സീമക്ക് ഇപ്പോള്‍ ചുളുവില്‍ നല്‍കിയിരിക്കുന്നത്. 2.25 ലക്ഷം രൂപയാണ് പ്രതിമാസം ലഭിക്കുക. 1.82 ലക്ഷം രൂപയാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെ അടിസ്ഥാന ശമ്പളം. കൂടാതെ 30,000 രൂപ ഗ്രേഡ് പേയും, ഡി.എ , അടിസ്ഥാന ശമ്പളത്തിന്റെ 8 മുതല്‍ 24 ശതമാനം വീട്ട് വാടക അലവന്‍സ്  ആയും ഇവര്‍ക്ക് ലഭിക്കും. എച്ച്.ആര്‍.എ ജോലി ചെയ്യുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കും. കാര്‍, പേഴ്‌സണല്‍ സ്റ്റാഫ് ( സി.എ, ഡ്രൈവര്‍, പ്യൂണ്‍) എന്നിവരും ഇവര്‍ക്കുണ്ടാകും. ഫോണ്‍ ചാര്‍ജ്, മെഡിക്കല്‍ ഫെസിലിറ്റി തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവര്‍ക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മൂന്നിനാണ് ടി.എന്‍. സീമയെ നവകേരളം കര്‍മ്മ പദ്ധതി കോഓര്‍ഡിനേറ്ററായി നിയമിച്ചത്. ലൈഫ് , ആര്‍ദ്രം, ഹരിത കേരള മിഷന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാലു മിഷനുകള്‍ കൂട്ടിച്ചേര്‍ന്നാണ് നവകേരള കര്‍മ്മ പദ്ധതി രൂപികരിച്ചത്.

Latest News