ന്യൂദല്‍ഹി- നടി സോനം കപൂറിന്റെ ഭര്‍തൃമാതാവിന്റെ മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ സ്വര്‍ണപ്പണിക്കാരന്‍ അറസ്റ്റില്‍. ദല്‍ഹി ക്രൈംബ്രാഞ്ചാണ് കല്‍ക്കാജിയില്‍ താമസിക്കുന്ന തട്ടാന്‍ ദേവ് വര്‍മ(40) യെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
അമൃത ഷെര്‍ഗില്‍ റോഡിലെ വസതിയില്‍നിന്ന് നഴ്‌സും ഭര്‍ത്താവും ചേര്‍ന്നാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്.
100 വജ്രങ്ങള്‍, ആറ് സ്വര്‍ണ ചെയിനുകള്‍, ഡയമണ്ട് വളകള്‍, ഡയമണ്ട് ബ്രേസ്‌ലെറ്റ് എന്നിവയുള്‍പ്പെടെ ഒരു കോടിയിലധികം വിലവരുന്ന ആഭരണങ്ങള്‍ വര്‍മയില്‍ നിന്ന് വീണ്ടെടുത്തിട്ടുണ്ട്.
മോഷ്ടിച്ച തുക ഉപയോഗിച്ച് ദമ്പതിമാര്‍ വാങ്ങിയ ഐ10 കാറും കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിച്ച പണം കടങ്ങള്‍ വീട്ടാനും മാതാപിതാക്കളുടെ ചികിത്സാ ചെലവുകള്‍ക്കും വീട് പുതുക്കിപ്പണിയാനും ദമ്പതികള്‍ ചെലവഴിച്ചു.
മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണ് വര്‍മ.
സോനം കപൂറിന്റെ വസതിയിലെ ജീവനക്കാരിയായിരുന്ന അപര്‍ണ റൂത്ത് വില്‍സണെയും ഭര്‍ത്താവ് നരേഷ് കുമാര്‍ സാഗറിനെയും സരിതാ വിഹാറിലെ വസതിയില്‍നിന്ന് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
ഫെബ്രുവരിയിലാണ് ഭര്‍ത്താവിനും ഭര്‍തൃ മാതാപിതാക്കള്‍ക്കുമൊപ്പം താമസിക്കുന്ന നടിയുടെ വീട്ടില്‍ നിന്ന് 2.4 കോടി രൂപ വിലമതിക്കുന്ന പണവും ആഭരണങ്ങളും മോഷണം പോയത്.
86 കാരിയായ ഭര്‍തൃമാതാവിനെ പരിചരിക്കാന്‍ നിയോഗിച്ചിരുന്ന നഴ്‌സ് അക്കൗണ്ടന്റായ ഭര്‍ത്താവുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി വീട്ടിലെ ആഭരണങ്ങളും പണവും മോഷ്ടിച്ചത്.
സാഗറില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങിയ കാര്യം ദേവ് വര്‍മ സമ്മതിച്ചു. ഫെബ്രുവരി 11 നാണ് വില്‍സണും സാഗറും മോഷണം നടത്തിയത്. 23 നാണ് തുഗ്ലക്ക് റോഡ് പോലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
40 പേര്‍ ജോലി ചെയ്യുന്ന വീട്ടിലെ 32 ലധികം ജീവനക്കാരെയും ആറ് നഴ്‌സുമാരെയും അവരുടെ ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു.