തെല്‍അവീവ്- കത്തി ആക്രമണങ്ങളില്‍ പ്രതിയും ഐസിസ് അനുകൂലിയുമായ ഫലസ്തീനിയെ അറസ്റ്റ് ചെയ്തതായി ഇസ്രായേല്‍ പൊലീസും ഷിന്‍ ബെറ്റ് ആഭ്യന്തര സുരക്ഷാ കേന്ദ്രവും അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണില്‍ നിന്നും 24കാരന്‍ വാസിം ഇസൈദിനെയാണ് അറസ്റ്റ് ചെയ്തതെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും അറിയിച്ചു.
ഐസിസുമായുള്ള ബന്ധത്തില്‍ നിന്നാണ് വാസിം ഇസൈദിന്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതെന്നാണ് ഇസ്രായേല്‍ പൊലീസ് പറയുന്നത്. രണ്ട് കൊലപാതകവും ഒരു വധശ്രമവുമാണ് ഇസൈദിനെതിരെ ചുമത്തിയിരിക്കുന്നത്.
ഈ വര്‍ഷം മാര്‍ച്ച് 21ന് മോള്‍ഡോവന്‍ പൗരനായ ഇവാന്‍ ടാര്‍നോവ്‌സ്‌കി കൊല്ലപ്പെട്ടതും ഒരു ഇസ്രായേലിയെ ജറുസലേമിലെ വസതിയില്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ചതുമാണ് അടുത്തു നടന്ന സംഭവങ്ങള്‍. നേരത്തെ 2019 ജനുവരി 13ന് ഇസ്രായേലി ദമ്പതികളായ യെഹൂദയും താമര്‍ കദൂരിയും അവരുടെ ജറുസലേമിലെ വീട്ടില്‍ കൊല ചെയ്യപ്പെട്ടിരുന്നു. 2019 ജനുവരി 12ന് ഇസ്രായേലി കൗമാരക്കാരനെ കത്തി ആക്രമണത്തില്‍ മുറിവേല്‍പ്പിച്ച സംഭവവും ഉസൈദിനു മേല്‍ ചുമത്തിയിട്ടുണ്ട്.