ബംഗളൂരു- ഉഡുപ്പിയില്‍ സിവില്‍ കോണ്‍ട്രാക്ടറുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം നേരിടുന്ന കര്‍ണാടക മന്ത്രി കെ.എസ് ഈശ്വരപ്പ നാളെ രാജിവെക്കും. അദ്ദേഹം തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
കരാറുകാരന്‍ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത മന്ത്രിക്കെതിരെ പ്രാഥമികാന്വേഷണം പൂര്‍ത്തിയാകുന്നതുവരെ നടപടിയില്ലെന്ന് മുഖ്യമന്ത്രി ബൊമ്മെ പറഞ്ഞതിനു പിന്നാലെയാണ് ഈശ്വരപ്പയുടെ പ്രസ്താവന.
കര്‍ണാടക സര്‍ക്കാരില്‍ ഗ്രാമവികസന,പഞ്ചായത്ത് രാജ് മന്ത്രിയാണ് ഈശ്വരപ്പ.
മന്ത്രിസ്ഥാനം രാജിവെക്കാന്‍ തീരുമാനമെടുത്തുവെന്നും വെള്ളിയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്ക് രാജിക്കത്ത് നല്‍കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സന്തോഷ് പാട്ടീലിന്റെ ആത്മഹത്യാ കേസ് സമഗ്രമായി അന്വേഷിക്കുമെന്നും സത്യം പുറത്തുവരുമെന്നും പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഈശ്വരപ്പ്‌ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാമെടുക്കൂവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
മുതിര്‍ന്ന ബി.ജെ.പി നേതാവ് കൂടിയായ ഈശ്വരപ്പക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ബെലഗാവി ആസ്ഥാനമായുള്ള കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ജീവനൊടുക്കിയത്. ചൊവ്വാഴ്ച ഉഡുപ്പിയിലെ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈശ്വരപ്പ മാത്രമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് വാട്‌സാപ്പില്‍ നല്‍കിയ ആത്മഹത്യാ കുറിപ്പില്‍ പാട്ടീല്‍ പറഞ്ഞിരുന്നു.
പാട്ടീലിന്റെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉഡുപ്പി ടൗണ്‍ പോലീസ് ഈശ്വരപ്പക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്.