Sorry, you need to enable JavaScript to visit this website.

20 ആം ആദ്മി എംഎല്‍എമാരെ  അയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

ന്യൂദല്‍ഹി- ദല്‍ഹി നിയമസഭയിലെ 20 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടി ദല്‍ഹി ഹൈക്കോടതി റദ്ദാക്കി. കേസില്‍ എംഎല്‍എമാരുടെ വാദം കമ്മീഷന്‍ കേള്‍ക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇരട്ടപ്പദവി വഹിച്ചെന്ന പേരിലാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്ന് രാഷ്ട്രപതി എംഎല്‍എമാരെ അയോഗ്യരാക്കിയത്. രാഷ്ട്രപതിയുടെ ഉത്തരവാണ് കോടതി റദ്ദാക്കിയത്.  അയോഗ്യത കല്‍പ്പിക്കുന്നതിനു മുമ്പ് കമ്മീഷന്‍ തങ്ങളുടെ വാദം കേള്‍ക്കാന്‍ തയാറായില്ലെന്നും ഇതു സ്വാഭാവിക നീതിയുടെ നിഷേധമാണെന്നുമുള്ള എംഎല്‍എമാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

വിശദമായ അന്വേഷണമില്ലാതെ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ ഒരു താല്‍ക്കാലിക സര്‍ക്കാര്‍ ജീവനക്കാരനെ പോലും പിരിച്ചുവിടാന്‍ പാടില്ലെന്നിരിക്കെയാണ് നിയമസഭാംഗങ്ങള്‍ക്കെതിരെ കമ്മീഷന്‍ യാതൊരു അന്വേഷണവുമില്ലാതെ നടപടി എടുത്തതെന്നും തങ്ങള്‍ പ്രതിഫലം പറ്റുന്ന മറ്റൊരു സര്‍ക്കാര്‍ പദവി വഹിച്ചിരുന്നുവോ എന്ന് വിശദീകരണം നല്‍കാന്‍ അവസരം നല്‍കിയില്ലെന്നും എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഹൈക്കോടതി വിധി ദല്‍ഹിയിലെ ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. പ്രതിഫലമോ മറ്റു ആനുകൂല്യങ്ങലോ ഇല്ലാത്ത പാര്‍ലമെന്ററി സെക്രട്ടറിമാരായി ഈ എംഎല്‍എമാരെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ഇരട്ടിപ്പദവി വിവാദം ഉയര്‍ന്നത്. അതേസമയം ഈ നിയമനം 2016 സെപ്റ്റംബറില്‍ ഹൈക്കോടതി തടഞ്ഞിരുന്നു.

Latest News