ലാഹോർ- താൻ അപകടകാരിയാകുമെന്ന മുന്നറിയിപ്പ് നൽകി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. അധികാരത്തിലിരിക്കുമ്പോൾ താൻ തീരെ അപകടകാരിയല്ലായിരുന്നുവെന്നും ഇനിമുതൽ അങ്ങനെയായിരിക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. പെഷാവാറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഇമ്രാൻഖാൻ.
ഇനിയങ്ങോട്ട് കൂടുതൽ കൂടുതൽ അപകടകാരിയാകുമെന്നു പറഞ്ഞ ഇമ്രാൻ ഖാൻ തന്നെ അധികാരത്തിൽ നിന്നും പുറത്താക്കാൻ പലരും ഒത്തുകളിച്ചുവെന്നുവെന്നും കുറ്റപ്പെടുത്തി.അല്ലായിരുന്നുവെങ്കിൽ പാകിസ്ഥാൻ നാഷണൽ അസംബ്ലിയിൽ അവിശ്വാസപ്രമേയം പാസാക്കുന്നതിന് മുമ്പ് എന്തിനാണ് പാതിരാത്രിയിൽ കോടതി ചേർന്നതെന്ന ചോദ്യവും ഉന്നയിച്ചു.
ഇമ്രാൻഖാൻ സർക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പിന് സമയപരിധി സംബന്ധിച്ച ഹർജി കേൾക്കാൻ പാകിസ്താൻ സുപ്രിം കോടതി ഏപ്രിൽ ഒൻപതിന് രാത്രി വൈകിയും പ്രവർത്തിച്ചിരുന്നു. മറ്റൊരു ഹർജി കേൾക്കാൻ ഇസ്ലാമാബാദ് ഹൈക്കോടതിയും അർധരാത്രിയിൽ പ്രവർത്തിച്ചിരുന്നു.
സുപ്രിം കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും അർധരാത്രിയിൽ വോട്ടെടുപ്പ് നടത്താതെ രാജിവെക്കാനാണ് സഭാ സ്പീക്കർ അസദ് ഖൈസർ തുനിഞ്ഞത്. വോട്ടെടുപ്പ് തുടങ്ങി നിമിഷങ്ങൾക്കകം ആസാദ് ഖൈസർ രാജി പ്രഖ്യാപിക്കുകയും അയാസ് സാദിഖ് അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് നേതൃത്വം നല്കുകയും ചെയ്ത അസാധാരണ സംഭവങ്ങളാണ് ഇമ്രാൻഖാൻ സർക്കാർ താഴെ വീഴുന്ന സമയങ്ങളിൽ അരങ്ങേറിയത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ ഇമ്രാൻ ഖാൻ സർക്കാറിന് ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നതോടെ പാകിസ്താൻ ചരിത്രത്തിൽ അവിശ്വാസ പ്രമേയത്തിൽ പുറത്തായ ആദ്യ പ്രധാനമന്ത്രിയായി അദ്ദേഹം മാറി. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇളയ സഹോദരനും പാകിസ്താൻ മുസ്ലിം ലീഗ് (നവാസ്) നേതാവുമായ ഷെഹബാസ് ഷെരീഫാണ് പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി.