ന്യൂദല്‍ഹി-യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയെ കാണുന്നതിന് യാത്രാനുമതി തേടി അമ്മയും മകളും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ടുവയസ്സുകാരിയായ മകളുമാണ് സഹായം തേടിയിരിക്കുന്നത്. യമനിലെത്തി നിമിഷപ്രിയയെ കാണാന്‍ ശ്രമിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ഒപ്പം കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാലിന്റെ കുടുംബത്തെയും കാണും. കുടുംബത്തെ കണ്ടു മാപ്പ് അപേക്ഷിച്ചാല്‍ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനാവുമോയെന്ന് ആരായും. ഇതിനായി വേണ്ട സഹായങ്ങള്‍ക്കാണ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. ബന്ധുക്കളുടെ യാത്രയ്ക്കും കോണ്‍സുല്‍ വഴി ജയില്‍ അധികൃതരെ ബന്ധപ്പെടുന്നതിനും സഹായം നല്‍കാന്‍ മന്ത്രാലയം സന്നദ്ധമാണെന്നാണ് സൂചന. എന്നാല്‍ നിമിഷപ്രിയയുടെ മോചനത്തിനായി നേരിട്ട് ഇടപെടാനാവില്ലെന്ന് കേന്ദ്ര സര്‍്ക്കാര്‍ നേരത്തെ ദല്‍ഹി ഹൈക്കോടതിയില്‍ വ്യ്ക്തമാക്കിയിരുന്നു. 2017ല്‍ യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്.നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ദല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. നയതന്ത്രതലത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി നടപടി.
നിമിഷപ്രിയയുടെ മോചനത്തിനായി നിയതന്ത്രതലത്തില്‍ നേരിട്ട് ഇടപെടാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം നല്‍കിയുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കു കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കിയതോടെ ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഘിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്.