ഹാസന്‍- വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ തുടര്‍ന്ന് അശാന്തി തുടരുന്ന കര്‍ണാടകയില്‍ ഹൈന്ദവ സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് ക്ഷേത്രോത്സവത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്യുന്ന പുരാതന ആചാരത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി.
ഹാസന്‍ ജില്ലയിലെ ബേലൂരിലെ ചന്നകേശവ ക്ഷേത്രത്തിലെ രഥോത്സവത്തില്‍ പങ്കെടുത്ത ഭക്തര്‍ ഈ നടപടിയെ അഭിനന്ദിച്ചു.
ആയിരക്കണക്കിന് ഹൈന്ദവ വിശ്വാസികളുടെ സാന്നിധ്യത്തില്‍ ചന്നകേശവ ഭഗവാന്റെ രഥത്തിനു മുന്നില്‍ ഖാസി സയ്യിദ് സജീദ് പാഷയാണ് ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്തത്. സംസ്ഥാനത്ത് ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രതീകമാണ് കാലങ്ങളായി തുടരുന്ന ഈ ആചാരം.
ഖുര്‍ആനിലെ വാക്യങ്ങള്‍ പാരായണം ചെയ്യുന്നത് തലമുറകളായി തുടരുന്ന പാരമ്പര്യമാണെന്നും പൂര്‍വികരില്‍നിന്ന് ലഭിച്ചതാണെന്നും സജീദ് പാഷ പറഞ്ഞു. ഭിന്നതകള്‍ എന്തുതന്നെയായാലും ഹിന്ദുക്കളും മുസ്ലിംകളും ഒരുമയോടെ ജീവിക്കണമെന്നും ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടുദിവസമാണ് ബേലൂര്‍ ക്ഷേത്രത്തിലെ രഥോത്സവം. മൈസൂര്‍ രാജാക്കന്മാര്‍ സമ്മാനിച്ച സ്വര്‍ണ്ണ, വജ്രാഭരണങ്ങള്‍ കൊണ്ട് ചന്നകേശവ വിഗ്രഹം അലങ്കരിക്കും. ലക്ഷക്കണക്കിന് ഭക്തരാണ് ബേലൂരില്‍ എത്തുന്നത്.
സംസ്ഥാനത്ത് നടന്ന ധ്രുവീകരണ സംഭവവികാസങ്ങളുടെ തുടര്‍ച്ചയായി ഈ വര്‍ഷം രഥം നീക്കുന്നതിന് മുമ്പ് ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ചടങ്ങഅ പാടില്ലെന്ന് ഹിന്ദു സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.
ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രതീകമായി വര്‍ഷങ്ങളായി തുടരുന്ന ആചാരത്തിന്റെ തുടര്‍ച്ച സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ തുടര്‍ന്ന് മുസ്രായി വകുപ്പിന് കത്ത് നല്‍കി. ഇതിനു പിന്നാലെ ആചാരം തുടരുന്നതിന് മുസ്രായി ക്ഷേത്ര വകുപ്പ് കമ്മീഷണര്‍ രോഹിണി സിന്ധൂരി പച്ചക്കൊടി കാണിക്കുകയായിരുന്നു.
2002ലെ ഹിന്ദു റിലീജിയസ് ആക്ടിലെ സെക്ഷന്‍ 58 പ്രകാരം ക്ഷേത്രത്തിലെ ആചാരങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്ന് അവര്‍ വ്യക്തമാക്കി.