മുംബൈ- പള്ളികളിലെ ഉച്ചഭാഷണികള്‍ മേയ് മൂന്നിനകം മാറ്റണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് അന്ത്യശാസനം നല്‍കി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്) നേതാവ് രാജ് താക്കറെ. സാമൂഹിക വിഷയമാണെന്നും ഇതില്‍നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സര്‍ക്കാരിന് തനിക്കെതിരെ എന്തു നടപടിയും സ്വീകരിക്കാമെന്നും വെല്ലുവിളിക്കയാണെന്നും രാജ് താക്കറെ പറഞ്ഞു.
പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കുന്നില്ലെങ്കില്‍ ഹനുമാന്‍ ചാലിസയും ഉച്ചഭാഷണികളിലൂടെ വായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മതത്തിലും വിശ്വസിക്കാത്ത യുക്തിവാദിയാണ് ഉപമുഖ്യമന്ത്രി അജിത് പവാര്‍. അദ്ദേഹത്തിന് ഈ വിഷയത്തില്‍ ഇടപെടാന്‍ അര്‍ഹതയില്ല. പള്ളികളില്‍ ഉച്ചഭാഷണി ഉപയോഗം തടയുന്നില്ലെങ്കില്‍ പള്ളികള്‍ക്ക് മുമ്പിലായിരിക്കും ഹനുമാന്‍ ചാലിസ. പ്രാര്‍ഥിക്കുന്നതിന് താന്‍ എതിരല്ല. പ്രാര്‍ഥനകള്‍ നടത്തേണ്ടത് വീടുകളിലാണ്. ഉച്ചഭാഷണി കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് വീണ്ടും മുന്നറിയിപ്പ് നല്‍കുകയാണ്- രാജ് താക്കറെ പ്രസ്താവനയില്‍ പറഞ്ഞു.
മദ്രസകളില്‍ റെയ്ഡ് നടത്തണമെന്നും അവിടങ്ങളില്‍ പാക്കിസ്ഥാന്‍ അനുകൂലികളാണ് താമസിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടുള്ള അഭ്യര്‍ഥനയില്‍ രാജ് താക്കറെ പറഞ്ഞു. മദ്രസകളില്‍ എന്താണ് നടക്കുന്നതെന്ന് മുംബൈയിലെ പോലീസിന് നല്ല ബോധ്യമുണ്ടെന്നും എന്നാല്‍ നമ്മുടെ എം.എല്‍.എമാര്‍ മുസ്ലിംകളെ വോട്ട് ബാങ്കായി കാണുന്നതിനാലാണ് നടപടികള്‍ സ്വീകരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.