ഹൈദരാബാദ്- ഹൈദരാബാദ് യൂണിവേഴ്സിറ്റി (യു.ഒ.എച്ച്) കാമ്പസിനുള്ളി 'രാമക്ഷേത്രം' നിര്‍മിച്ച് വിദ്യാര്‍ഥികള്‍. ഇതിനെതിരെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിഷേധിക്കുകയും വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ കാമ്പസിനെ കാവിവത്കരിക്കാനുള്ള ശ്രമമാണെന്ന് ആരോപിക്കുകയും ചെയ്തു.
അഹിന്ദു വിദ്യാര്‍ത്ഥികളെ 'പ്രകോപിപ്പിക്കാന്‍' ശ്രമിച്ചെന്ന് ആരോപിച്ച് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും (എ.എസ്.എ) സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും (എസ്.എഫ്.ഐ) അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിനെ (എബിവിപി) കുറ്റപ്പെടുത്തി. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് എ.ബി.വി.പി വാദം. കാമ്പസില്‍ സാധാരണ രാമനവമി ആഘോഷങ്ങള്‍ നടത്തുമ്പോഴുള്ള പതിവ് മാത്രമാണിത്. ഇത് മതസ്വാതന്ത്ര്യത്തില്‍പെടുന്നതാണെന്നും അവര്‍ പറഞ്ഞു.
ഞായറാഴ്ചയാണ് മെന്‍സ് ഹോസ്റ്റല്‍-എഫിനും ചീഫ് വാര്‍ഡന്റെ ഓഫീസിനും സമീപമുള്ള പാറക്കൂട്ടം കാവി നിറം പൂശിയ നിലയില്‍ കണ്ടെത്തിയത്. ഒരു മരത്തിന്റെ ചുവട്ടിലെ പാറക്കെട്ടിനുള്ളില്‍ ശ്രീരാമന്റെ രണ്ട് ഫോട്ടോഗ്രാഫുകളും കുങ്കുമ പതാകകളും കണ്ടെത്തി. പാറകളില്‍ 'ഓം', സ്വസ്തിക ചിഹ്നങ്ങളും ഉണ്ടായിരുന്നു.
അത്തരത്തിലുള്ള ഏതെങ്കിലും സ്ഥിരമായ മതഘടന സ്ഥാപിക്കുന്നതിനെതിരെ വിജ്ഞാപനമോ സര്‍ക്കുലറോ പുറപ്പെടുവിക്കണമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ സര്‍വകലാശാലാ ഭരണകൂടത്തോട് അഭ്യര്‍ഥിച്ചു. 'ഞങ്ങള്‍ ഞങ്ങളുടെ പരാതികള്‍ പങ്കുവെക്കുകയും കാവിയടിച്ചിടത്ത് വെള്ള പൂശാനും ഫോട്ടോകള്‍ നീക്കം ചെയ്യാനും വൈസ് ചാന്‍സലറോട് അഭ്യര്‍ത്ഥിച്ചു. രണ്ട് ദിവസം കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും എടുത്തില്ലെന്ന് യു.ഒ.എച്ച് സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് അഭിഷേക് നന്ദന്‍ പറഞ്ഞു.