Sorry, you need to enable JavaScript to visit this website.

വായുമലിനീകരണം മൂലം ഇന്ത്യന്‍ നഗരങ്ങളില്‍ അകാല മരണം കൂടുന്നു

ന്യൂദല്‍ഹി- ഇന്ത്യയിലെ എട്ട് നഗരങ്ങളിലെ വായു മലിനീകരണത്തോത് ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. 2005 നും 2018നും ഇടയില്‍ മുംബൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, സൂറത്ത്, പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഒരു ലക്ഷത്തിലധികം അകാലമരണങ്ങള്‍ക്ക് കാരണമായിട്ടുള്ളത് വായുമലിനീകരണം ആണെന്നാണ് റിപ്പോര്‍ട്ട്.

നാസ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇ.എസ്.എ) എന്നിവയുടെ സഹകരണത്തോടെ ബഹിരാകാശ നിരീക്ഷണങ്ങള്‍ ഉപയോഗിച്ച് ആഫ്രിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ 46 നഗരങ്ങളിലെ വായു ഗുണനിലവാരവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘമാണ് പഠനം നടത്തിയിരിക്കുന്നത്.
നഗരങ്ങളില്‍ വായുവിന്റെ ഗുണനിലവാരത്തില്‍ ഗണ്യമായ തകര്‍ച്ചയുണ്ടാവുന്നുവെന്നും ഇത് ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഉയര്‍ന്നുവരുന്ന വ്യവസായങ്ങള്‍, റോഡ് ഗതാഗതത്തിന്റെയും വാഹനങ്ങളുടെയും വര്‍ധനവ്, മാലിന്യം കത്തിക്കല്‍, ചാര്‍ക്കോളിന്റെയും കത്തിക്കാനുപയോഗിക്കുന്ന തടിയുടെയും വ്യാപകമായ ഉപയോഗം എന്നിവയാണ് വായുവിന്റെ ഗുണനിലവാരത്തിലുണ്ടായ തകര്‍ച്ചക്ക് കാരണമെന്ന് യു.എസിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഉള്‍പ്പെടുന്ന സംഘം വ്യക്തമാക്കുന്നു.

 

Latest News