മുംബൈ- കണ്ടെയ്നറില്‍ കൊണ്ടുപോയ 40 വൈദ്യുത സ്‌കൂട്ടറുകളില്‍ 20 എണ്ണം കത്തിനശിച്ചു. ജിതേന്ദ്ര ഇ.വി. എന്ന കമ്പനിയുടേതാണ് സ്‌കൂട്ടറുകള്‍.
നാസിക്കിലെ ഫാക്ടറിയില്‍ നിന്നുള്ള സ്‌കൂട്ടറുകള്‍ കണ്ടെയ്‌നറില്‍ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്. കണ്ടെയ്‌നറിന്റെ മുകള്‍ഭാഗത്ത് സൂക്ഷിച്ചിരുന്ന 20 സ്‌കൂട്ടറുകള്‍ക്കാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ല.
കണ്ടെയ്‌നറിനകത്തുനിന്ന് പുകവന്നതോടെ റോഡിന്റെ വശത്ത് നിര്‍ത്തിയിട്ട് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് തീപിടിച്ച വിവരം മനസ്സിലായത്. അഗ്നിസുരക്ഷാ സേനയെത്തി തീയണയ്ക്കുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വൈദ്യുത സ്‌കൂട്ടറിന് തീപിടിക്കുന്ന സംഭവം അടുത്തിടെ കൂടിവരികയാണ്.