അൽഹസ- ഹസയിലെ ഗൾഫ് റോഡ് കമ്പനിയിൽ സർവേയറായി ജോലി ചെയ്യുന്ന തൃശൂർ ആമ്പല്ലൂർ സ്വദേശി ജയരാജന്റെ ഭാര്യ സുവർണ (43)യെ താമസിക്കുന്ന ഫഌറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹഫൂഫ് ജന്റ്‌സ് മാർക്കറ്റിലുള്ള റാഡോ വാച്ച് കടയുടെ മുകളിലാണ് ഇവരുടെ ഫഌറ്റ്.
മരണത്തിന് ആരും ഉത്തരവാദിയല്ല, ബോഡി ഇവിടെ അടക്കം ചെയ്യണം എന്നെഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ഹസയിൽ പത്താം ക്ലാസ്സ് പഠനം പൂർത്തിയാക്കി പ്ലസ് ടു പഠനത്തിനായി നാട്ടിൽ പോയ സാന്ദ്ര, ഹസ മോഡേൺ സ്‌കൂൾ പത്താംതരം വിദ്യാർഥിനി അജ്ഞലി എന്നിവർ മക്കളാണ്. വെള്ളപ്പേപ്പറിൽ നീല മഷി കൊണ്ടെഴുതിയ കുറിപ്പിൽ അമ്മയുടെ കയ്യക്ഷരം തന്നെയാണെന്ന് മകൾ അഞ്ജലി പറഞ്ഞു. ഡൈനിങ് ടേബിളിന്റെ മുകളിൽ കയറി പ്ലാസ്റ്റിക് കയർ കൊണ്ട് കഴുത്തിൽ കുരിക്കിടുകയായിരുന്നു. തൂങ്ങിമരിക്കുന്നതിനു മുമ്പായി കൈ ഞരമ്പ് മുറിച്ചതായും സംശയിക്കുന്നു. ബാത്ത് റൂം മുതൽ ആത്മഹത്യ ചെയ്ത സ്ഥലം വരെ രക്തത്തുള്ളികളുണ്ട്.
ഏഴു വർഷമായി ഇവിടെ കഴിയുന്ന കുടുംബത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്ന് അച്ഛനും മകളും പറഞ്ഞു. അതേസമയം, കിഡ്‌നി രോഗം ബാധിച്ചതിനാൽ സുവർണക്ക് മാനസിക പ്രയാസം ഉണ്ടായിരുന്നതായി ജയരാജൻ വെളിപ്പെടുത്തി. രണ്ടു ദിവസമായി കൂടുതൽ സുവർണ സംസാരിക്കാറില്ലായിരുന്നു. പത്താം ക്ലാസ് പരീക്ഷക്കുശേഷം അമ്മയും മകളും ഏപ്രിൽ 13 നു നാട്ടിൽ പോകുന്നതിന് വിമാന ടിക്കറ്റ് എടുത്തിരുന്നു.
രാവിലെ പരീക്ഷക്ക് പോകുമ്പോൾ ഹാൾ ടിക്കറ്റ് വെച്ച സ്ഥലത്ത് വിമാന ടിക്കറ്റുമുണ്ടെന്ന് മകളെ ഓർമിപ്പിച്ചിരുന്നു. എന്തിനാണ് ഇപ്പോൾ പറഞ്ഞതെന്നു ചോദിച്ചപ്പോൾ നിന്നെ ബോധ്യപ്പെടുത്തിയതാണെന്ന് അമ്മ പറഞ്ഞതായും അഞ്ജലി പറഞ്ഞു.
രാവിലെ നാട്ടിലെ വീട്ടിലേക്കും ഹസയിൽനിന്ന് നാട്ടിൽ പോയ മറ്റൊരു കുടുംബത്തോടും ടെലിഫോണിൽ സംസാരിച്ചിരുന്നു. മകളെ സ്‌കൂളിലാക്കിയാണ് അച്ഛൻ ജോലിസ്ഥലത്തേക്ക് പോയത്. പരീക്ഷ കഴിഞ്ഞു ഇരുവരും വീട്ടിലെത്തിയപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനൽ കമ്പി നീക്കി മകൾ മുറിയിൽ കടന്നു നോക്കിയപ്പോഴാണ് അമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
റുഖൈഖ പോലീസ് എത്തി രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തു. മൃതദേഹം ഹഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.