റാഞ്ചി - നാല്‍പ്പത്തഞ്ച് മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഝാര്‍ഖണ്ഡിലെ ദിയോഗഢില്‍ കേബിള്‍ കാറുകളില്‍ കുടുങ്ങിയ മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ അപകടത്തിലും ഒരാള്‍ രക്ഷപ്രവര്‍ത്തനത്തിനിടെ ഹെലിക്കോപ്റ്ററില്‍നിന്ന് വീണുമാണ് മരിച്ചത്.
രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായി ഇന്ത്യന്‍ എയര്‍ഫോഴ്സ് ട്വീറ്റ് ചെയ്തു. എയര്‍ഫോഴ്സ്, സൈന്യം, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, ദേശീയ ദുരന്ത നിവാരണ സേന എന്നിവരുടെ സഹകരണത്തോടയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. ദിയോഗഡിലെ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപത്തെ ത്രികുത് പഹറില്‍ പ്രവര്‍ത്തിക്കുന്ന റോപ് വേ തകരാറിലായതാണ് അപകടത്തിലേക്ക് നയിച്ചത്. തകരാറിനെ തുടര്‍ന്ന് റോപ് വേയിലൂടെയുള്ള കാറുകളുടെ യാത്ര തടസ്സപ്പെട്ടു. 12 കേബിള്‍ കാറുകള്‍ റോപ് വേയില്‍ കുടുങ്ങിയിരുന്നു.
എഴുപതിലേറെ യാത്രക്കാരാണ് ഈ കാറുകളില്‍ ഉണ്ടായിരുന്നത്. പതിനൊന്ന് പേരെ ഞായറാഴ്ച വൈകുന്നേരം തന്നെ രക്ഷപ്പെടുത്തിയിരുന്നു. ഹെലികോപ്ടറുകള്‍ എത്തിയാണ് കേബിള്‍ കാറുകളില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തിയത്.