ന്യൂദല്‍ഹി- വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ 2020 ലുണ്ടായ കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളി.
പൗരത്വ ഭേദഗതി നിയമത്തിനെതിരേയും ദേശീയ പൗരത്വ രജിസ്റ്ററിറിനെതിരേയും ദല്‍ഹിയില്‍ പ്രത്യേകിച്ച് ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ ഷര്‍ജീല്‍ നടത്തിയ പ്രകോപന പ്രസംഗങ്ങള്‍ കലാപത്തിനു കാരണമായെന്നാണ് കേസ്.
പ്രത്യേക ജഡ്ജി അമിതാഭ് റാവത്താണ് ജാമ്യാപേക്ഷ തള്ളിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകള്‍ക്കു പുറമെ ഷര്‍ജീലിനെതിരെ യു.എ.പി.എയും ചുമത്തിയിരുന്നു.
പ്രസംഗം ആളുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്ന് ആരോപിച്ച് 2020 ഏപ്രിലില്‍ ദല്‍ഹി പോലീസ് രാജ്യദ്രോഹക്കുറ്റവും ചുമത്തി. പ്രതി നടത്തിയ പ്രസംഗങ്ങളാണ് ജാമിഅ മില്ലിയ ഇസ്ലാമിയ പ്രദേശത്ത് കലാപത്തിന് കാരണമെന്ന് പോലീസ് ആരോപിക്കുന്നു.
വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ സി.എ.എക്കെതിരെ പ്രതിഷേധിച്ചവരും ഹിന്ദുത്വ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷമാണ് കലാപത്തില്‍ കലാശിച്ചത്.