കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ ബലാത്സംഗത്തിനിരയായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ പരാമര്‍ശം വിവാദമായി. പെണ്‍കുട്ടിക്ക് പ്രണയ ബന്ധമുണ്ടായിരുന്നുവെന്ന കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ പ്രസ്താവന. ഹന്‍സ്ഖാലിയിലാണ് പെണ്‍കുട്ടി മരിച്ചത്.
അവള്‍ ബലാത്സംഗത്തിനിരയായോ ഗര്‍ഭിണിയായോ അസുഖമുണ്ടായിരുന്നോ പ്രണയബന്ധമുണ്ടായിരുന്നോ എന്നൊക്കെ നിങ്ങള്‍ക്ക് എങ്ങനെ അറിയാമെന്നാണ് മമത ചോദിച്ചിരുന്നത്. ഇത് ഒരു പ്രണയബന്ധമാണെന്ന് വീട്ടുകാര്‍ക്ക് പോലും അറിയാമായിരുന്നു. ദമ്പതികള്‍ ബന്ധത്തിലാണെങ്കില്‍ ഞാന്‍ അവരെ എങ്ങനെ തടയും? ലൗ ജിഹാദിന്റെ പേരില്‍ അങ്ങനെ ചെയ്യാന്‍ ഇത് ഉത്തര്‍പ്രദേശല്ല- മമതാ ബാനര്‍ജി പറഞ്ഞു.
മമതയുടെ പ്രസ്താവനയെ ചോദ്യം ചെയ്ത് ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നു. പ്രതി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനായതിനാലാണ് മുഖ്യമന്ത്രി ഇങ്ങനെ സംസാരിക്കുന്നതെന്ന് ബി.ജെ.പി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ മകന്‍ ബലാത്സംഗം ചെയ്തിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന പെണ്‍കുട്ടിയാണ് ആശുപത്രിയില്‍ മരിച്ചത്. പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരിച്ച പെണ്‍കുട്ടിയെ പ്രദേശത്തെ ശ്മശാനത്തില്‍ തിടുക്കത്തില്‍ സംസ്‌കരിക്കുകയും ചെയ്തു.
പാര്‍ട്ടിയില്‍ വെച്ച് നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ച പെണ്‍കുട്ടിയെ ഒരു സ്ത്രീയും ഏതാനും പുരുഷന്മാരും ചേര്‍ന്ന് വീടിനടുത്ത് ഇറക്കിവിടുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. പ്രദേശത്ത് സ്വാധീനമുള്ള പ്രതി തങ്ങളെ ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു.
സംഭവം പുറത്തറിഞ്ഞതിന് ശേഷം രണ്ട് പൊതുതാല്‍പര്യ ഹരജികള്‍ ഫയല്‍ ചെയ്യപ്പെട്ടു.
കേസ് ബാലാവകാശ കമ്മീഷനെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമത പറഞ്ഞു.
ദല്‍ഹി, യു.പി, രാജസ്ഥാന്‍, അസം, ബിഹാര്‍ എന്നിവിടങ്ങളില്‍ ആളുകള്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ എത്ര സിബിഐ അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മമത ചോദിച്ചു. എത്ര നേതാക്കളെ അറസ്റ്റ് ചെയ്തു? സി,ബി.ഐയേയും ഇ.ഡിയേയും ഉപയോഗിച്ച് നിങ്ങള്‍ എത്ര ഗൂഢാലോചന നടത്തിയാലും പ്രശ്‌നമില്ലെന്നും ഞങ്ങള്‍ ദുര്‍ബലരാണെന്ന് കരുതരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേസില്‍ ആരോപണവിധേയനായ വ്യക്തിക്ക് തൃണമൂലുമായുള്ള ബന്ധമാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നിലെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.
ഹന്‍സ്ഖാലിയില്‍ 14 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ നിസ്സാരവല്‍ക്കരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. ഇരയെയാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നതെന്നും പ്രണയബന്ധമാണോ അവിചാരിതമായ ഗര്‍ഭധാരണമാണോ എന്നൊക്കെ ചോദിക്കാന്‍ കാരണം പ്രതി ടി.എം.സി നേതാവിന്റെ മകനായതിനാലാണെന്ന് മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി ഐടി സെല്‍ മേധാവി മാളവ്യ പറഞ്ഞു.