ന്യൂദല്‍ഹി- റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്നും സുസ്ഥിരമാക്കാമെന്നും യു.എസും ഇന്ത്യയും കൂടിയാലോചന തുടരുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. വെര്‍ച്വല്‍ മീറ്റിംഗില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും യു.എസും ശക്തവും വളരുന്നതുമായ പ്രതിരോധ പങ്കാളിത്തം പങ്കിടുന്നുവെന്ന് പ്രസ്താവിച്ച അദ്ദേഹം, യുദ്ധത്തില്‍ തകര്‍ന്ന ഉക്രൈനിലെ ജനങ്ങള്‍ക്കുള്ള ഇന്ത്യയുടെ 'മാനുഷിക പിന്തുണ'യെ പ്രശംസിച്ചു.
ലോകത്തിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങളാണെന്നും ഇരു രാജ്യങ്ങളും സ്വാഭാവിക പങ്കാളികളാണെന്നും പ്രധാനമന്ത്രി മോഡിയും പ്രതികരിച്ചു.
ഉക്രൈനിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിലാണ് ഇന്നത്തെ നമ്മുടെ ചര്‍ച്ചകള്‍ നടക്കുന്നതെന്നും റഷ്യയും ഉക്രൈനും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ സമാധാനത്തിന് വഴിയൊരുക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായും മോഡി പറഞ്ഞു. 'ഞാന്‍ ഉക്രൈനിന്റെയും റഷ്യയുടെയും പ്രസിഡന്റുമാരുമായി സംസാരിച്ചു. ഉക്രൈന്‍ പ്രസിഡന്റുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ ഞാന്‍ പ്രസിഡന്റ് പുടിനോട് നിര്‍ദ്ദേശിച്ചതായും മോഡി പറഞ്ഞു.