മോസ്‌കോ- ഉക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക നീക്കം, സമാധാന ചര്‍ച്ചകള്‍ക്കുവേണ്ടി നിര്‍ത്തിവെക്കില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്റോവ്. ഉക്രൈനുമായി ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സമാധാന ചര്‍ച്ചകള്‍ക്ക് ഫലപ്രാപ്തിയുണ്ടാകാത്തതിന് പാശ്ചാത്യ രാജ്യങ്ങളെ ലവ്റോവ് കുറ്റപ്പെടുത്തി. ഉക്രൈന്‍ നഗരമായ ബുച്ചയിലടക്കം റഷ്യന്‍ സൈനികര്‍ യുദ്ധകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് സമാധാന ചര്‍ച്ചകളെ അട്ടിമറിക്കാനാണ് പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
നേരത്തെ ബലാറസില്‍ സമാധാന ചര്‍ച്ചകള്‍ നടന്ന ഘട്ടത്തില്‍ ഉക്രൈനിലെ സൈനിക നീക്കം നിര്‍ത്തിവെക്കാന്‍ പ്രസിഡന്റ് പുട്ടിന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ ആ നിലപാടില്‍ മാറ്റംവന്നിട്ടുണ്ടെന്നും ലവ്റോവ് പറഞ്ഞു. ചര്‍ച്ചകളില്‍ തീരുമാനം ഉണ്ടാകുന്നതുവരെ ഇനി സൈനികനടപടികള്‍ നിര്‍ത്തിവെക്കില്ലെന്നും ലവ്റോവ് വ്യക്തമാക്കി.