ഭോപാല്‍- ഞായറാഴ്ച രാമനവമി ഘോഷയാത്രക്കിടെയുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശിലെ ഖര്‍ഗോണിലെ മൂന്ന് വ്യത്യസ്ത പ്രദേശങ്ങളിലെ 20 'അനധികൃത' കെട്ടിടങ്ങളും കടകളും തിങ്കളാഴ്ച ജില്ലാ ഭരണകൂടം തകര്‍ത്തു.
ഛോട്ടേ മോഹന്‍ ടാക്കീസ് ഏരിയയില്‍ അനധികൃതമായി നിര്‍മ്മിച്ച നാല് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള നീക്കം രാവിലെ ആരംഭിച്ചു. തൊട്ടുപിന്നാലെ ആനന്ദ് നഗറിലും ഗണേഷ് മന്ദിറിന് കീഴിലുള്ള ഖസ്ഖസ്വാഡിയിലും പൊളിക്കലുകള്‍ നടത്തി.
'പൊളിച്ച കടകളും വീടുകളും എല്ലാം കയ്യേറ്റ ഭൂമിയില്‍ നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങളായിരുന്നു. ഈ പ്രദേശങ്ങളില്‍നിന്ന് കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്, അതിനുശേഷം നടപടിയെടുത്തു- സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മിലിന്ദ് ധോക്ക് പറഞ്ഞു.
'ഇതുവരെ, 84 പേരെ അറസ്റ്റ് ചെയ്തു, അവരുടെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കാന്‍ അനധികൃത സ്വത്തുക്കള്‍ പൊളിക്കുകയാണെന്ന് കമ്മീഷണര്‍ (ഇന്‍ഡോര്‍ റേഞ്ച്) ഡോ പവന്‍ കുമാര്‍ ശര്‍മ്മ പറഞ്ഞു.