ദുബായ്- പാസ്പോര്ട്ടില് യു.എ.ഇയുടെ റസിഡന്‍സി വിസ സ്റ്റിക്കറുകള്‍ പതിക്കുന്നത് നിര്‍ത്തലാക്കി. പകരം എമിറേറ്റ്സ് ഐ.ഡിയില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കും.
നാളെ മുതല്‍ താമസക്കാര്‍ക്ക് വിസക്കും എമിറേറ്റ്സ് ഐഡിക്കും വേണ്ടി രണ്ട് വ്യത്യസ്ത നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതില്ല. ഒരു ആപ്ലിക്കേഷനില്‍ തന്നെ നടപടി പൂര്‍ത്തിയാക്കാം. മാത്രമല്ല, വിസ സ്റ്റാമ്പിംഗിനായി അപേക്ഷകര്‍ ഇമിഗ്രേഷന്‍ ഓഫിസുകളില്‍ പാസ്പോര്‍ട്ട് നല്‍കേണ്ടതുമില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്സ് സെക്യൂരിറ്റി (ഐസിപി) യിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപോര്‍ട്ടുകള്‍ പറയുന്നു. ഈ നീക്കം 30 മുതല്‍ 40 ശതമാനം വരെ റെസിഡന്‍സി രേഖകള്‍ നേടാനുള്ള പ്രയത്നവും സമയവും കുറയ്ക്കും.
താമസക്കാരുടെ വിസ സ്റ്റാറ്റസിന്റെ വിശദാംശങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ എമിറേറ്റ്സ് ഐ.ഡി തെളിവായി സ്വീകരിക്കുമെന്ന് ഐ.സി.എയിലെ ഫോറിനേഴ്സ് അഫയേഴ്സ് ആന്‍ഡ് പോര്‍ട്ട്സ് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സയീദ് റകാന്‍ അല്‍ റാഷിദി പറഞ്ഞു.