ന്യൂദൽഹി- കെ.എം മാണിയെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി സഹകരിപ്പിക്കാൻ സി.പി.എം-സി.പി.ഐ ധാരണ. ദൽഹിയിൽ സി.പി.എം-സി.പി.ഐ നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. കെ.എം മാണിയെ ഇടതുമുന്നണിയിലേക്ക് അടുപ്പിക്കരുതെന്ന് സി.പി.ഐ കേന്ദ്രനേതൃത്വം നിലപാട് സ്വീകരിച്ചിരുന്നു. കേരള കോൺഗ്രസി(എം)നെ എൽ.ഡി.എഫിൽ എടുക്കണമെന്ന സി.പി.എമ്മിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നായിരുന്നു സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഇക്കാര്യം സി.പി.എം നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ളയും തമ്മിൽ നടത്തിയ ചർച്ചയിലാണ് കേരള കോൺഗ്രസിനെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കാൻ തീരുമാനിച്ചത്. കേരള കോൺഗ്രസിനെ ഇടതുമുന്നണിയിൽ എടുക്കുന്നത് രാഷ്ട്രീയപരമായും തെരഞ്ഞെടുപ്പുപരമായും ഗുണം ചെയ്യില്ലെന്നായിരുന്നു സി.പി.ഐ ഇതേവരെ വാദിച്ചിരുന്നത്. മാണിയെ ഇടതുമുന്നണിയിലേക്കെടുത്താൽ മുന്നണി വിടുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. മാണിയെ എൽ.ഡി.എഫിലേക്കെടുത്താൽ പി.ജെ ജോസഫും സംഘവും യു.ഡി.എഫിൽ തുടരുമെന്നും ഇത് എൽ.ഡി.എഫിന് വിനയാകുമെന്നുമായിരുന്നു സി.പി.ഐ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടിരുന്നത്.
അതേസമയം, ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ മാണിയുടെ പിന്തുണയില്ലെങ്കിൽ തിരിച്ചടി നേരിടുമെന്നുമായിരുന്നു സി.പി.എം വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലികമായെങ്കിലും മാണിയെ മുന്നണിയുമായി സഹകരിപ്പിക്കാൻ ഇരുപാർട്ടികളും തീരുമാനിച്ചത്.