കൊച്ചി- നടന്‍ ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ മൊഴി നല്‍കിയ അഭിഭാഷകരെ മാപ്പുസാക്ഷിയാക്കാന്‍ ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇതിന്റെ ഭാഗമായി സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി.
എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കൊടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. മൂന്നേകാലോടു കൂടിയാണ് രഹ്യമൊഴി രേഖപ്പെടുത്താന്‍ ആരംഭിച്ചത്. വധ ഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍.
ദിലീപിന്റെ മൊബൈലിലെ തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ സായ് ശങ്കര്‍ കുറ്റസമ്മതം നടത്തുകയും ഇതില്‍ അഭിഭാഷകര്‍ക്കുള്ള പങ്ക് ക്രൈം ബ്രാഞ്ചിനു മുന്നില്‍ തുറന്നുപറയുകയും ചെയ്തിരുന്നു. ദിലീപിന്റെ അഭിഭാഷകരുടെ ആവശ്യപ്രകാരമാണ് തെളിവ് നശിപ്പിച്ചതെന്നാണ് സായ് ശങ്കറിന്റെ മൊഴി. തുടര്‍ന്നാണ് സായ് ശങ്കറിന്റെ രഹസ്യ മൊഴി അടിയന്തരമായി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.
തെളിവ് നശിപ്പിച്ച സംഭവത്തില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ സായ് ശങ്കറിന്റെ മൊഴി നിര്‍ണായക തെളിവായി മാറും.