ഇസ്ലാമാബാദ്- പാകിസ്ഥാനിലെ പുതിയ പ്രധാനമന്ത്രിയായി പ്രതിപക്ഷ നേതാവായിരുന്ന ഷഹബാസ് ഷെരീഫിനെ തിരഞ്ഞെടുത്തു. അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട ഇംറാന്‍ ഖാന് പകരമാണ് പുതിയ പ്രധാനമന്ത്രിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ്. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ നാഷണല്‍ അസംബ്ലിയില്‍ ഞായറാഴ്ച ആരംഭിച്ചിരുന്നു.
പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്ത സാഹചര്യത്തില്‍ ഇംറാന്‍ ഖാന്‍ പാക് നാഷണല്‍ അസംബ്ലിയില്‍നിന്ന് രാജിവെച്ചു. 'കള്ളന്മാര്‍ക്കൊപ്പം സഭയിലിരിക്കാനാവില്ലെ'ന്ന് ചൂണ്ടിക്കാട്ടിയാണ് ഇംറാന്റെ രാജി. പുതിയ പ്രധാനമന്ത്രിക്കെതിരേയുള്ള അഴിമതി കേസുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം. അഴിമതിക്കാരെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത നടപടി രാജ്യത്തോടുള്ള അവഹേളനമാണെന്നും ഇംറാന്‍ ഖാന്‍ പ്രതികരിച്ചു.
അതിനിടെ, ഷഹബാസ് ഷെരീഫിന്റെയും മകന്‍ ഹംസ ഷഹബാസിന്റെയും സാമ്പത്തിക തട്ടിപ്പ് കേസിലെ മുന്‍കൂര്‍ ജാമ്യം ഏപ്രില്‍ 27 വരെ നീട്ടി കോടതി ഉത്തരവിട്ടു.