Sorry, you need to enable JavaScript to visit this website.

കോൺഗ്രസും കോൺഗ്രസും!

ആരാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസിലെ താരം? സ്റ്റാലിൻ. ജോസ്ഫ് സ്റ്റാലിനല്ല, മുത്തുവേൽ കരുണാനിധി സ്റ്റാലിൻ. ആകെയുള്ള മൂന്ന് എം.പിമാരിൽ രണ്ടുപേരെ ദില്ലി കാണാൻ സഹായിച്ച ദ്രാവിഡ നേതാവ്. അല്ലാത്തപക്ഷം അവർക്കും സ്വന്തം പോക്കറ്റിൽനിന്നും ട്രെയിനിനു ടിക്കറ്റെടുക്കേണ്ടിവരുമായിരുന്നു. ജോസഫ് സ്റ്റാലിനെ പാർട്ടിക്ക് അത്ര പ്രിയം പോരാ. പലരെയും സോവിയറ്റ് മണ്ണിൽ കുഴിച്ചിട്ട സഖാവാണ്. ന്യൂജെൻ പിള്ളേർക്കു 'ചെഗുവേര'യെന്നു കേട്ടാൽ മനസ്സിലാകും. പണ്ട് ക്യൂബയിലും ബൊളീവിയയിലുമൊക്കെ പിള്ളേർ 'ചെ' എന്നു പറഞ്ഞാണ് 'സലാം' വെച്ചിരുന്നതത്രേ! ഇന്ന് കണ്ണൂരിൽ 'പി' (പിണറായി) എന്നോ, 'വി' എന്നോ (വിജയൻ) അഭിവാദനം ചെയ്യാനുള്ള പരിശീലനം ആലോചനയിലുണ്ടോ എന്നറിയില്ല. നാൽപതു കൊല്ലം കഴിഞ്ഞു പൂർത്തിയാകുന്ന ഒരു 'റെയിൽ പാള പദ്ധതി' വിഭാവന ചെയ്ത മഹാത്മാവിന് അത്തരം ഒരു ' വീരസ്മരണ' ഇപ്പോഴേ ഒരുക്കേണ്ടതാണ്. ഇ.എം.എസ് സ്റ്റഡി സെന്റർ അക്കാര്യം 'സിലബസിൽ' ചേർത്തിരിക്കാൻ സാധ്യതയുണ്ട്. ഏതായാലും പുന്നപ്ര - വയലാർ സമരക്കാരനായ വി.എസ്. അച്യുതാനന്ദൻ സഖാവിന്റെ 'കട്ടൗട്ട്' ഒന്നും കണ്ണൂരിലോ പരിസരങ്ങളിലോ കാണാനില്ല.


'23' എന്നാൽ ജി-23 എന്ന കോൺഗ്രസ് ബുദ്ധി (?) കേന്ദ്രം. സി.പി.എമ്മിന് അതു പാർട്ടി കോൺഗ്രസ്. കുറച്ചു 'ജി'കളെ കണ്ണൂരിലേക്കു ക്ഷണിച്ചിരുന്നു. ബോറടി മാറ്റാമല്ലോ. ആരും അനങ്ങിയില്ല. അവസാന പിടിവള്ളി എന്ന നിലയിൽ കുമ്പളങ്ങി പ്രൊഫസറെ തന്നെ ചുറ്റിപ്പിടിച്ചു. ഒന്നും ഫലിച്ചില്ലെങ്കിൽ 'കാളൻ നല്ലായി' എന്ന പരസ്യം പോലെ. തോമസ് മാഷ് ചാടിയാൽ പുറത്താക്കാൻ റെഡിയായി പിന്നിൽ സുധാകര ഗുരു. 'സെമി കാഡർ' വടി കൈയിലുണ്ട്; അടി ഉറപ്പ്. മാഷിനു വാർധ്യകാലത്ത് 'പ്രസിഡന്റ് ഹസ്‌തേന താഡനവും പീഡനവു'മായിരിക്കും ഫലം. കൂടെ നിന്നവർക്കല്ലേ രാപ്പനി അറിയൂ എന്നറിയുന്ന ചെറിയാൻ ഫിലിപ്പിന്റെ വക ഉപദേശവും മാഷിന് 'ബൂസ്റ്റർ ഡോസ്' എന്ന നിലയിൽ നൽകി. ഇനി റിസൽട്ട് വരണം. ചെറിയാന്റെ നോട്ടത്തിൽ സി.പി.എം പണ്ടേ ഒരു 'രക്തസക്ഷസ്സാണ്'. തനിക്ക് ഇടക്കിടെ രക്തദാനം നൽകുന്ന ശീലമുണ്ടായിപ്പോയതിനാൽ തമ്മിൽ അടുത്തുവെന്നേയുള്ളൂ. തോമസ് മാഷിന് അതല്ല പ്രായം. ചില നിബന്ധനകൾ വെച്ച് ഒരു കരയിലത്താമെന്ന് യെച്ചൂരി സഖാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യംെവച്ച് ഒന്നു തൊടുക്കാൻ മറന്നില്ല. അതിൽനിന്നും ഇരുകൂട്ടരും ഇപ്പോൾ വെള്ളത്തിൽ കിടക്കുകയാണെന്നു വ്യക്തം. എന്നാൽ നേരിട്ടു സഖ്യമൊന്നും വേണ്ടതാനും! പഴയ ഭാഷയിൽ 'അത്താഴ സംബന്ധം'. ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിക്കുന്നതു പോലെ എന്ന സുധാകര ഗുരുവചനം ഉടനെ പുറത്തുവന്നു. ഒന്നു ക്ഷണിച്ചിരുന്നെങ്കിൽ രാഹുൽജി കണ്ണൂരിലേക്കു പറന്നെത്തുമായിരുന്നു എന്നാണ് ശ്രുതി. കഴിഞ്ഞ പന്ത്രണ്ടു കൊല്ലമായി ഒരേ എ.ഐ.സി.സിയും മമ്മി-സിസ്റ്റർ ഉപദേശങ്ങളും സ്വന്തം അളിയന്റെ രാഷ്ട്രീയ പ്രവേശന മോഹവുമൊക്കെയായി പയ്യൻസ് മുഷിഞ്ഞിരിക്കുന്നു! അസാരം വിനോദത്തിന് കാനഡ - ഇറ്റലി- വയനാടുകളൊക്കെയുണ്ട്. എങ്കിലും വടക്കന്മാർ 'ക്രോണിക് ബാച്ചലർ' മാത്രമായാണ് കാണുന്നത്. ക്ഷണിച്ചാൽ എത്തുമെന്ന വിവരം  ഏതോ കോൺഗ്രസുകാർ കോടിയേരിക്കു ചോർത്തിക്കൊടുത്തു. അവർ അതു ചെയ്യണമല്ലോ! അതോടെയാണ് സഖാവ് മാധ്യമങ്ങളുടെ മുന്നിൽ 'രാഹുൽ വധ'ത്തിനു ശക്തി കൂട്ടിയത്. മറ്റാരും എത്താത്ത നിലയ്ക്ക് പാർട്ടി കോൺഗ്രസിന്റെ വേദിയിൽ സ്ഥിരം 'നിലയവിദ്വാന്മാർ' വീണ വായിക്കുകയല്ലാതെ മറ്റു നിവൃത്തിയില്ല. ചെന്നൈയിൽനിന്നു വന്ന 'മുതലമൈച്ചർ' സ്റ്റാലിനെ മൂന്നു ദിവസം 'നായനാർ അക്കാദമി'യിൽ പൂട്ടിയിട്ടു നോക്കാവുന്നതാണ്. അദ്ദേഹത്തിന്റെ ഗ്ലാമർ രണ്ടുദിന ചർച്ചയും സിമ്പോസിയവും ആകാം.


കോൺഗ്രസിന് എരിവു പകരാനാണോ അതോ വെറും ആചാര വെടി എന്ന നിലയ്ക്കാണോ യെച്ചൂരി സഖാവ് ചൈനയെക്കുറിച്ച് പ്രസംഗിച്ചതെന്ന് അറിഞ്ഞാൽ പാർട്ടി സഖാക്കൾക്കു ധാരാളമാകുമായിരുന്നു. 'ഒള്ളതുകൊണ്ട് ഓണം പോലെ' കഴിക്കാം. കേട്ടിരിക്കാനും ഇരുന്നുറങ്ങാനും ഊണു കഴിക്കാനും ഇത്തവണ പ്രതിനിധികളും കുറവ്. പക്ഷേ രണ്ടാമത്തേത് ഗുരുതരമാണ്. അമേരിക്ക ചൈനയെ തകർക്കാൻ ശ്രമിക്കുന്നു. അതിൽ അമേരിക്കയുടെ ജൂനിയർ പങ്കാളിയാണ് ഇന്ത്യ!- ഇത്ര സ്‌ഫോടകാത്മകവും അന്തർദേശീയ പ്രസക്തവുമായ ഒരു 'യെമണ്ടൻ' വിശകലനം യെച്ചൂരി സഖാവിൽ നിന്നു കേരള സൈദ്ധാന്തികൻ എം.എ. ബേബി സഖാവ് പോലും പ്രതീക്ഷിച്ചില്ല. ടി പ്രസംഗത്തിന്റെ നിശ്ചല ദൃശ്യങ്ങൾ പരിശോധിച്ചവർ കണ്ടത് യെച്ചൂരിയുടെ നിറകണ്ണുകളാണ്.
മുതലാളിത്ത രാജ്യം ഇനിയും ചൈനയെ തൊട്ടുകളിച്ചാൽ സഖാവ് കടുംകൈ വല്ലതും പ്രവർത്തിക്കുമോ എന്നു മറ്റു സഖാക്കൾ ഭയന്നുപോയി. ഉക്രൈൻ യുദ്ധം അമേരിക്കയും റഷ്യയും തമ്മിലാണെന്ന അടുത്തൊരു കണ്ടുപിടിത്തത്തിൽ പല സഖാക്കളും നിലംപരിശായി.
അപ്പോൾ ഉക്രൈൻ എവിടെ? അണ്ടർ ഗ്രൗണ്ടിലായോ? കരിങ്കടലിൽ മുങ്ങിത്താണോ? വിശദീകരിക്കുവാൻ സാമർഥ്യമുള്ള കാരണവ സഖാക്കളൊന്നും ഇപ്പോൾ ഭൂമിയിലില്ല. കണ്ണൂർ കോൺഗ്രസ് കഴിയുന്നതോടെ സി.പി.എമ്മിന്റെ നിലപാടു പ്രത്യേകിച്ചൊന്നും വ്യക്തമായില്ലെങ്കിലും കോൺഗ്രസ് പാർട്ടി സൂക്ഷിക്കണം. അവരും രാഹുലും നിലപാടു വ്യക്തമാക്കിയാൽ മാത്രം ജനാധിപത്യ മതേതര സഖ്യത്തിന്റെ പടിവാതിലിൽ വരെ കയറാൻ അനുവദിക്കും; അതും പിൻവാതിലിന്റെ. ഹോ! സമാധാനമായി ഉറുമ്പ് ആനയ്ക്ക് സംബന്ധം ആലോചിക്കുന്നതുപോലെ എന്നു പറഞ്ഞു തള്ളിക്കളയാൻ സുധാകര ഗുരുവിനേ കഴിയൂ.
****                                  ****                                          ****
ഏതാണ് ഈ ഐ.എൻ.ടി.യു.സി? പണ്ടു മുതൽക്കേ 'ഇണ്ടക്ക്' എന്നു ചേർത്തു വായിച്ചാണ് ഇടതുപക്ഷ മുഖപത്രങ്ങൾ വരെ ചിത്രവധം നടത്തിയിരുന്നത്. ഇണ്ടക്കുകാർക്കു സ്വന്തം ചരിത്രം അറിയാമോ എന്നാരും ചോദിക്കണ്ട; അവർ കൈമലർത്തും. 1947 ൽ ജനിച്ചതാണ് സംഘടന. ഇക്കൊല്ലം മെയ് 3 ന് പ്ലാറ്റിനം ജൂബിലി. മനുഷ്യർക്കു മാത്രമല്ല, സംഘടനകൾക്കുമുണ്ട് സപ്തതിയും അശീതിയും ശതാഭിഷേകവും നവതിയുമൊക്കെ. വി.ഡി. സതീശനാശാന് അക്കാര്യം അറിയില്ല. 75 വയസ്സായ ഒരു കാരണവരെ പെരുവഴിയിൽ ഇറക്കിവിട്ട പോലൊരു വിക്രിയയായിപ്പോയി ആശാന്റെ വചനങ്ങൾ. 'ഇണ്ടക്ക്' കോൺഗ്രസിന്റെ പോഷക സംഘടനയല്ലത്രേ! ചരിത്രം വായിക്കണം 'മിസ്റ്റർ' എന്നു പറഞ്ഞു ചെന്നിത്തല എടുത്തു ചാടാതിരുന്നത് അങ്ങോർ സ്ഥലത്തില്ലാതിരുന്നതുകൊണ്ടു മാത്രം! സതീശനു സ്വന്തം ജനനവും കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പും 1964 ൽ ആയിരുന്ന കാര്യം അറിയാൻ സാധ്യതയുണ്ട്. സ്വതന്ത്ര ഭരണഘടനയുടെ 'ഇണ്ടക്ക്' തലയുയർത്തി മുന്നോട്ടു പോകാൻ ആശീർവദിച്ചത് മഹാത്മാഗാന്ധി തന്നെ ആയിരുന്നു. ഇപ്പോൾ സതീശന്റെ 'നാവിന്റെ പിഴ'ക്ക് സുധാകരൻ 'പെനാൽറ്റി തുക' അടയ്ക്കുന്നു; മറിച്ചും. ഈയിടെയായി അങ്ങനെയാണ്. എന്തൊരു ഐക്യം! കോൺഗ്രസ് വലിയൊരു പ്രതിസന്ധിഘട്ടത്തിലൂടെ പോകുകയാണെന്നു മാഡം ദില്ലിയിലിരുന്ന് പ്രസ്താവിച്ചത് ഗുരുവിനെയും ആശാനെയും മനസ്സിൽ കണ്ടിട്ടു കൂടി ആയിരിക്കാം.


ചരിത്രം വീണ്ടും ആവർത്തിക്കുന്നു. ഇത്തവണ രംഗം അധികാര സോപാനമല്ല' പെരുവഴിയമ്പലം- ജൻപഥ്-10 എന്നും ആകാം. 'അണ്ണാന് വയസ്സായാലും മരംകേറ്റം മറക്കുമോ' എന്നാണ് ചൊല്ല്. ചെന്നിത്തലജി മാഡത്തെ ചെന്നു കണ്ടു ചർച്ച നടത്തിയത്രേ. വിഷയം ഇന്ത്യയുടെ ഭാവിയും വിലക്കയറ്റവും ഡീസലുമൊന്നുമാകില്ലല്ലോ. സ്വന്തം അവഗണന തന്നെ. ഗുരുവും ആശാനും തന്നോടൊന്നും മിണ്ടാറില്ല. കൊണ്ടുനടന്ന ചാപ്പൻ ഒതേനനെ കൈയൊഴിഞ്ഞതുപോലെ അന്നാട്ടുകാരൻ വേണുഗോപാലും ഇന്നാട്ടിലെത്തുമ്പോൾ കണ്ടാൽ മിണ്ടാട്ടമില്ല. ആ തെറ്റു തിരുത്തണം. മാഡം അപ്പോൾ തന്റെ ഭർത്താവിന്റെ കാലഘട്ടം ഓർത്തു പോയിരിക്കണം. 1990 കളുടെ ആരംഭത്തിൽ രാജീവ് ഗാന്ധിക്കുമുണ്ടായി ഇങ്ങനെയൊരു പ്രതിസന്ധി ഘട്ടം. എ.കെ. ആന്റണിച്ചായൻ ദില്ലിക്കു പറന്നെത്തി രാജീവിന്റെ ചെവിയിൽ കെ. കരുണാകരനെക്കുറിച്ചു നാലു വേണ്ടാത്ത വർത്തമാനം പറയും. ചാരവശാൽ വാർത്ത ചോർത്തിയെടുത്ത് പിറ്റേന്നു വെളുപ്പിനെ പാഞ്ഞെത്തും ലീഡർ. രാജീവിന്റെ മറ്റേ ചെവിയിൽ കുറേയധികം വേണ്ടാതീനങ്ങൾ ഓതും. രാജീവ്ഗാന്ധി ചെവി പൊത്തി ഓടും. ഗതികെടുമ്പോൾ കേരളത്തിലെ പത്രക്കാരോടു പറയും. ഇന്ന് അതേ ചരിത്രം ആവർത്തിക്കുന്നു; പുതിയ കഥാപാത്രങ്ങളിലൂടെ എല്ലാമറിഞ്ഞു സസുഖം വാഴുന്നു മോഡി-ഷാജിമാർ! ഒരു എതിരാളി പോലുമില്ലെന്നു വന്നാൽ എന്തു രാഷ്ട്രീയമാണ് സർ, കഷ്ടം!

Latest News