അഗര്‍ത്തല- ബംഗ്ലാദേശ് ജമാഅത്തുല്‍ മുജാഹിദീനുമായി (ജെഎംബി) ബന്ധമുണ്ടെന്ന് ആരോപിച്ച് ത്രിപുരയില്‍ അറസ്റ്റ് ചെയ്ത പള്ളി ഇമാം അടക്കമുള്ള മൂന്നു പേരെ ജാമ്യം അനുവദിച്ച് രണ്ടു ദിവസത്തിനുശേഷം വീണ്ടും ജയിലിലടച്ചു. അസമിലെ മറ്റൊരു കേസ് പ്രകാരമാണ്
പ്രാദേശിക പള്ളിയിലെ ഇമാം ഇംറാന്‍ ഹുസൈന്‍ (24), അധ്യാപകന്‍ അബുല്‍ ഖാസിം (33), കര്‍ഷകനായ ഹമീദ് അലി (38) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തത്.
ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സെപാഹിജാല ജില്ലയിലെ ജത്രാപൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഖൈദ്യഖല ഗ്രാമത്തില്‍നിന്ന് ഈ മാസം മൂന്നിന് ഇവരെ പോലീസ് പിടികൂടിയിരുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. കോടതി ആദ്യം മൂന്ന് ദിവസത്തേക്ക് ജയിലില്‍ അയച്ചുവെങ്കിലും ജെഎംബിയുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിന് കഴിയാത്തതിനെ തുടര്‍ന്ന് ജാമ്യം അനുവദിച്ചു. യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതിനെ ന്യായാകരിക്കാനും പോലീസിന് കഴിഞ്ഞിരുന്നില്ല. ഏപ്രില്‍ എട്ടിനാണ് എല്ലാ ദിവസവും ജത്രപൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന ഉപാധിയോടെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.
എന്നാല്‍ അസമിലെ ബോംഗൈഗാവ് ജില്ലയിലെ ജോഗിഗോപ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് അസം പോലീസ് അടുത്ത ദിവസം ഇവരെ കസ്റ്റഡിയിലെടുത്തു. ട്രാന്‍സിറ്റ് റിമാന്‍ഡ് ആവശ്യപ്പെട്ട് അസം പോലീസ് സംഘം സോനാമുറയിലെത്തി കോടതിയില്‍ ഹാജരാക്കി.
അസം പോലീസിനോട് കേസ് ഡയറി ആവശ്യപ്പെട്ടെ സെപാഹിജാല ജില്ലാ സെഷന്‍സ് കോടതി മൂന്നു പേരെയും ഒരാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. നിരപരാധികളെ കള്ളക്കേസുകളില്‍ കുടുക്കിയിരിക്കുകയാണെന്ന് പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചു. ത്രിപുര പോലീസിനോ അസം പോലീസിനോ തെളിവുകളൊന്നും ഹാജരാക്കാനോ പ്രഥമദൃഷ്ട്യാ കുറ്റം സ്ഥാപിക്കാനോ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മനഃപൂര്‍വം വ്യക്തികളെ ഉപദ്രവിക്കുകയാണെന്നും കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.