തൃശൂര്‍- കുടുംബ വഴക്കിനെതുടര്‍ന്ന് തൃശൂര്‍ വെള്ളികുളങ്ങരയില്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന സംഭവത്തില്‍ മകന്‍ അനീഷിനായുള്ള (30) തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. ഇഞ്ചക്കുണ്ട് സ്വദേശികളായ കുട്ടനും ചന്ദ്രികയുമാണ് മരിച്ചത്.
തൃശൂര്‍ വെള്ളികുളങ്ങര ഇഞ്ചക്കുണ്ട് രാവിലെ എട്ടേമുക്കാലോടെയാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. വീടിന് സമീപം മാവിന്‍ തൈ നടുകയായിരുന്നു ചന്ദ്രിക. അവിടെയെത്തിയ അനീഷും മാതാപിതാക്കളും തമ്മില്‍ തര്‍ക്കമുണ്ടായി. മുറ്റത്ത് നട്ട മാവിന്‍തൈ അനീഷ് പറിച്ചെറിഞ്ഞു. കൈക്കോട്ട് കൊണ്ട് അനീഷ് അമ്മയുടെ തലക്കടിച്ചു. മര്‍ദ്ദനമേറ്റ ചന്ദ്രികയും കുട്ടനും റോഡിലൂടെ ഓടി.
വീട്ടിലേക്ക് കയറിയ അനീഷ് വെട്ടുകത്തിയുമായി ഇരുവരുടെയും പിന്നാലെ പോയി. ഇരുവരെയും വെട്ടി വീഴ്ത്തുകയായിരുന്നു. കഴുത്തിനു വെട്ടേറ്റ കുട്ടനും ചന്ദ്രികയും സംഭവസ്ഥലത്തുതന്നെ മരിച്ചു.
അനീഷാണ് കൊലപാതക വിവരം പോലീസിനെ വിളിച്ച് അറിയിച്ചത്. പോലീസ് എത്തും മുമ്പ് അനീഷ് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സമീപമുള്ള കാട്ടിലേക്കാണ് ഓടിയത്. ഇയാളെ പിടികൂടുന്നതിനായുള്ള തിരച്ചില്‍ തുടരുകയാണ്.