ന്യൂദൽഹി -വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളിലും പൊതുജനാഭിപ്രായ രൂപീകരണത്തിലും സ്വാധീനം ചെലുത്തിയെന്ന ആരോപണം നേരിടുന്ന ഡാറ്റ മൈനിങ് കമ്പനി കേംബ്രിഡ്്ജ് അനലിറ്റിക്ക ഇന്ത്യയിലും വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്തിയതിന് തെളിവുകൾ. ഫേസ്ബുക്കിൽ നിന്നും ഡാറ്റ ചോർത്തി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ബ്രിട്ടനിലെ ബ്രെക്‌സിറ്റ് വോട്ടെടുപ്പിലും ഈ കമ്പനി ജനങ്ങളെ സ്വാധീനിച്ചെന്ന ആരോപണത്തിനു തൊട്ടുപിറകെയാണ് ഇവരുടെ സഹായം ഇന്ത്യയിലും ഉപയോഗിച്ചെന്ന പരസ്പരം ആരോപിച്ചു ബിജെപിയും കോൺഗ്രസും രംഗത്തെത്തിയത്. എന്നാൽ ഈ കമ്പനിക്കു വേണ്ടി ഇന്ത്യയിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനം ബിജെപിയേയും കോൺഗ്രസിനേയുമെല്ലാം സഹായിച്ചിട്ടുണ്ടെന്ന് അവരുടെ വെബ്‌സൈറ്റ് തന്നെ പരസ്യമായി പറയുന്നുണ്ട്. വിവാദം ഉയർന്നതോടെ ഈ വെബ്‌സൈറ്റ് ഇപ്പോൾ അപ്രത്യക്ഷമാകുകയും ചെയ്തു.
കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സഹസ്ഥാപനമായി ഇന്ത്യയിൽ പ്രവർത്തിക്കുന്നത് ഒവ്‌ലെനോ ബിസിനസ് ഇന്റലിജൻസ് (ഒബിഐ) എന്ന ഡാറ്റാ അനാലിസിസ് കമ്പനിയാണ്. ഈ കമ്പനിയുടെ ഉടമ ജനതാദൽ യുനൈറ്റഡ് നേതാവ് കെ.സി ത്യാഗിയുടെ മകൻ അമരീഷ് ത്യാഗിയാണ്. തങ്ങളുടെ ഇടപാടുകാരായി ഒബിഐ തങ്ങളുടെ വെബ്‌സൈറ്റിൽ ബിജെപി, കോൺഗ്രസ്, ജെഡിയു എന്നീ പാർട്ടികളെ പരിചയപ്പെടുത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇവരുടെ വെബ്‌സൈറ്റ് സസ്‌പെൻഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. കേംബ്രിജ് അനലിറ്റിക്കയുടെ മാതൃസ്ഥാപനമായ എസ് സി എൽ ഗ്രൂപ്പിന്റെ ഇന്ത്യൻ കമ്പനിയായ എസ് സി എൽ ഇന്ത്യയുടെ ഭാഗമാണ് തങ്ങളെന്ന് ഒബിഐ വെബ്‌സൈറ്റിൽ പറയുന്നുണ്ട്.
യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടിയും 2010, 11 വർഷങ്ങളിൽ ജാർഖണ്ഡിൽ യൂത്ത് കോൺഗ്രസിനു വേണ്ടിയും തങ്ങളുടെ സേവനം നൽകിയിട്ടുണ്ടെന്ന് ത്യാഗി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 2010ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ ജെഡിയുവിനു വേണ്ടി തങ്ങളുടെ സേവനം നൽകിയിട്ടുണ്ടെന്നും ഇത് വിജയം തൂത്തുവാരാൻ ആ പാർട്ടിയെ സഹായിച്ചിട്ടുണ്ടെന്നും ഇപ്പോൾ കാണാതായ ഒബിഐ വെബ്‌സൈറ്റിൽ പറയുന്നുണ്ട്. ബിഹാറിൽ ലക്ഷ്യമിട്ട മൊത്തം സീറ്റുകളിൽ 90 ശതമാനവും നേടാനായെന്ന് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ വെബ്‌സൈറ്റിലും പറയുന്നുണ്ട്.
ഒബിഐ ഡയറക്ടർ ഹിമാൻഷു ശർമയുടെ ലിങ്കിഡിൻ പ്രൊഫൈലിലും ഇതിനെ സാധൂകരിക്കുന്ന വിവരങ്ങളാണുള്ളത്. ബിജെപിക്കു വേണ്ടി നാലു തെരഞ്ഞെടുപ്പുകളിൽ വിജയകരമായി പ്രചാരണം നടത്തുകയും 272 സീറ്റെന്ന ലക്ഷ്യം നേടുകയും ചെയ്‌തെന്നാണ് ഹിമാൻഷു പറയുന്നത്. ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി മണ്ഡലം അടിസ്ഥാനത്തിലുള്ള വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കുകയും രഹസ്യമായി തന്ത്രങ്ങൽ മെനഞ്ഞു നൽകുകയും ചെയതെന്നും ഇദ്ദേഹം പറയുന്നു. ദേശീയ തെരഞ്ഞെടുപ്പിലും ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ്, ദൽഹി തെരഞ്ഞെടുപ്പുകളിലുമാണ് സഹായം നൽകിയതെന്നും ഇദ്ദേഹം വിശദീകരിക്കുന്നുണ്ട്്. എന്നാൽ ലിങ്കിഡിൻ പ്രൊഫൈലിൽ നിന്നും ഹിമാൻഷു ഈ വിവരം ഇപ്പോൾ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.