പട്‌ന- ഷര്‍ജീല്‍ ഇമാമിനെയും അഹമ്മദ് മുര്‍താസ അബ്ബാസിയെയും പോലുള്ള തീവ്രവാദികള്‍ രാജ്യത്തിനു ഭീഷണിയാണെന്ന് ബി.ജെ.പി നേതാവും കേന്ദ്ര ഗ്രാമ,വികസന പഞ്ചായത്ത് രാജ് മന്ത്രിയുമായ ഗിരിരാജ് സിംഗ് പറഞ്ഞു.
2019 ല്‍ സി.എ.എക്കും എന്‍ആര്‍സിക്കുമെതിരായ പ്രതിഷേധത്തിനിടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിതിന്റെ പേരില്‍ അറസ്റ്റിലായ ജെ.എന്‍.യു വിദ്യാര്‍ത്ഥിയാണ് ഷര്‍ജീല്‍ ഇമാം.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസറ്റിലായ പ്രതിയാണ് അഹമ്മദ് മുര്‍താസ അബ്ബാസി.
രാജ്യത്ത് വര്‍ധിച്ചുവരുന്ന മുസ്്‌ലിം ജനസംഖ്യയേക്കാള്‍ കൂടുതല്‍ അപകടമാണ് തീവ്ര ചിന്താഗതിക്കാരുടെ വളര്‍ച്ചയെന്ന് അദ്ദേഹം പറഞ്ഞു. അസമിനെ ഇന്ത്യയില്‍ നിന്ന് വിച്ഛേദിക്കുന്നതിനെക്കുറിച്ചാണ് ഷര്‍ജീല്‍ ഇമാം സംസാരിച്ചതെന്നും ഗോരഖ്പൂരിലെ ക്ഷേത്രത്തില്‍ ഭീകരാക്രമണം നടത്തിയ പ്രതിയാണ് മുര്‍തസയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹിജാബിനു വേണ്ടി പ്രക്ഷോഭം നടത്തുന്നവരായാലും ശരീഅത്ത് നിയമം രാജ്യത്ത് നടപ്പാക്കാന്‍ ആഗ്രഹിക്കുന്നവരായാലും സി.എ.എ പ്രക്ഷോഭത്തെ ജിഹാദി പ്രസ്ഥാനമാക്കുന്നവരായാലും രാജ്യം അപകടത്തിലാണെന്നും തീവ്ര ചിന്താഗതി ഇന്ത്യക്ക് മുന്നറിയിപ്പാണെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.