ന്യൂയോർക്ക് - ഉപയോക്താക്കളുടെ സ്വകാര്യത മാനിക്കാതെ ഡാറ്റ ദുരുപയോഗം ചെയ്‌തെന്ന ഫേസ്ബുക്കിനെതിരായ ആരോപണം ശരിവച്ച് കമ്പനി സ്ഥാപകൻ മാർക്ക് സക്കർബർഗ് കുറ്റസമ്മതം നടത്തി. വിവാദം പൊട്ടിപ്പുറപ്പെട്ട് നാലു ദിവസങ്ങൾക്കു ശേഷമാണ് മൗനം വെടിഞ്ഞ് സക്കർബർഗ് പ്രതികരിച്ചത്. യൂസർമാരുടെ ഡാറ്റ സംരക്ഷിക്കാൻ ഫേസ്ബുക്കിന് ഉത്തരവാദിത്തമുണ്ടെന്നും ഇതിൽ പരാജയപ്പെടുകാണെങ്കിൽ സേവനം നൽകാൻ തങ്ങൾ അർഹരല്ലെന്നും അദ്ദേഹം പറഞ്ഞു. പിഴവുകൾ സംഭവിച്ചുവെന്ന് തുറന്ന് സമ്മതിച്ച അദ്ദേഹം ഇതൊഴിവാക്കാനുള്ള സരുക്ഷാ മുൻകരുതലുകൾ അടിവരയിട്ടു വിശദീകരിക്കുകയും ചെയ്തു.
യൂസർ ഡാറ്റയുടെ സുരക്ഷയ്ക്കായി നിരവധി മുൻകരുതലുകളും അപ്‌ഡേറ്റുകളും ഫേസ്ബുക്ക് അവതരിപ്പിച്ചിട്ടുണ്ട്. പുറത്തു നിന്നുള്ള ആപ്പുകൾക്ക്് നേരത്തെ ഫേസ്ബുക്ക് യുസർമാരുടെ ഡാറ്റ ലഭ്യമായിരുന്നെങ്കിൽ 2014ൽ ഈ ലഭ്യത അവസാനിപ്പിച്ചിരുന്നു. എങ്കിലും അന്ന് അവതരിപ്പിച്ച പല സുരക്ഷാ നടപടികളും ഒരു വർഷം കഴിഞ്ഞും നടപ്പിലാക്കാനായില്ല. ഇതാണ് കേംബ്രിജ് അനലിറ്റിക്കക്ക്് യൂസർമാരുടെ ഡാറ്റ ലഭിക്കാൻ ഇടവരുത്തിയതെന്ന് സക്കർബർഗ് പറഞ്ഞു. സുരക്ഷയ്ക്ക് കമ്പനിക്ക് ഇനിയും കൂടുതൽ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തേർഡ് പാർട്ടി ആപ്പ് ഉപയോഗിച്ച് അഞ്ച് കോടി യൂസർമാരുടെ ഡാറ്റ ഫെയ്്‌സ്ബുക്കിൽ നിന്നും ചികഞ്ഞെടുത്ത കേംബ്രിഡ്ജ് അനലിറ്റിക്ക ഈ വൻവിവര ശേഖരം യുഎസിലേയും ബ്രിട്ടനിലേയും വോട്ടർമാരെ സ്വാധീനിക്കാൻ ദുരുപയോഗം ചെയ്‌തെന്നാണ് ആരോപണം. ഈ വിവാദത്തെ തുടർന്ന് ഇതുവരെ സക്കർബർഗും ഫേസ്ബുക്കിലെ രണ്ടാമത്തെ ഉന്നത പദവി വഹിക്കുന്ന ശെറിൽ സാൻഡ്ബർഗും ഇതുവരെ മൗനത്തിലായിരുന്നു.