റിയാദ് - പശ്ചിമേഷ്യൻ സമാധാന പ്രക്രിയയുടെ ഭാവിയെ കുറിച്ച് മധ്യപൗരസ്ത്യ ദേശത്തേക്കുള്ള യു.എസ് ദൂതനും പ്രസിഡന്റ് ട്രംപിന്റെ മരുമകനുമായ ജേഡ് കുഷ്‌നറുമായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചർച്ച നടത്തി.
സൗദി അറേബ്യയുടെയും അമേരിക്കയുടെയും പൊതുതാൽപര്യങ്ങളും പശ്ചിമേഷ്യൻ സമാധാന പ്രക്രിയയുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങളും ഇരുവരും വിശകലനം ചെയ്തു. ഫലസ്തീൻ-ഇസ്രായിൽ സംഘർഷത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കേണ്ടതിനെ കുറിച്ച് ഇരുവരും ഊന്നിപ്പറഞ്ഞു. അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ, വിദേശ മന്ത്രി ആദിൽ അൽജുബൈർ എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
യു.എസ് സെനറ്റിലെയും പ്രതിനിധി സഭയിലെയും വിവിധ കമ്മിറ്റി നേതാക്കളുമായും മുതിർന്ന കോൺഗ്രസ് അംഗങ്ങളുമായും കോൺഗ്രസ് ആസ്ഥാനത്തു വെച്ച് കിരീടാവകാശി ചർച്ച നടത്തി.
ഭീകര വിരുദ്ധ പോരാട്ടവും ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകളെ ചെറുക്കുന്നതും അടക്കം മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ഉഭയകക്ഷി സഹകരണവും വിഷയമായി.
അതിനിടെ, ഇറാൻ ആണവ കരാറിൽനിന്ന് വൈകാതെ അമേരിക്ക പിന്മാറുമെന്ന് സൗദിയിലെ മുൻ അമേരിക്കൻ അംബാസഡർ റോബർട്ട് ഡബ്ല്യൂ. ജോർദാൻ പറഞ്ഞു. ഒരു മാസത്തിനു ശേഷം താൻ പ്രഖ്യാപനം നടത്തുമെന്നും ഇറാൻ വിഷയത്തിൽ എന്താണ് ചെയ്യാൻ പോകുന്നതെന്ന് നിങ്ങൾക്ക് കാണാമെന്നും കിരീടാവകാശിയുമായി നടത്തിയ ചർച്ചയിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാൻ പ്രശ്‌നത്തിൽ ട്രംപിന്റെ നയങ്ങളെ സൗദി അറേബ്യ പിന്തുണക്കുന്നതായി വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. ഇറാൻ ആണവ കരാറിൽ തകരാറുകളുണ്ട്. ഇക്കാര്യത്തിൽ അമേരിക്കൻ ഭരണകൂടത്തിന്റെ അതേ നിലപാടാണ് സൗദി അറേബ്യക്കുമുള്ളത്. ഇറാൻ ഭീഷണി, ഭീകര വിരുദ്ധ പോരാട്ടം, പശ്ചിമേഷ്യൻ സമാധാന പ്രക്രിയ, നിക്ഷേപങ്ങൾ വർധിപ്പിക്കൽ എന്നിവ അടക്കം നിരവധി പ്രശ്‌നങ്ങളിൽ ഇരു രാജ്യങ്ങൾക്കും സമാന കാഴ്ചപ്പാടാണെന്നും ആദിൽ അൽജുബൈർ പറഞ്ഞു.